Cricket

താണ്ഡവമാടി അസറുദ്ദീൻ, ഒപ്പം രോഹനും; സയ്യിദ് മുഷ്താഖ് അലിയിൽ അസമിനെ തകർത്ത് കേരളം


മൊഹാലി: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ അസമിനെ തകർത്ത് നാലാം വിജയം സ്വന്തമാക്കി കേരളം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. മത്സരത്തിൽ അസം ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം കേരളം 45 പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. മുഹമ്മദ് അസറുദ്ദീന്റെയും രോഹൻ കുന്നുമ്മലിന്റെയും അർധ സെഞ്ച്വറികളാണ് സഞ്ജുവിനും സംഘത്തിനും അനായാസ ജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് ഓപ്പണർമാരായ പ്രദ്യുൻ സൈകിയയും ആയുഷ് അഗർവാളും ചേർന്ന് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ, അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയതിന് പിന്നാലെ സൈകിയയെ (19) പുറത്താക്കി കാർത്തിക് ബി നായർ കേരളത്തിന് ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ അഗർവാളിനെയും (21) ജിതു അലിയെയും വീഴ്ത്തി വൈശാഖ് ചന്ദ്രൻ അസമിന് പ്രഹരമേല്പിച്ചു. അഞ്ചാമനായി ഇറങ്ങിയ സാഹിൽ ജെയിനും വൈശാഖിന് മുന്നിൽ വീണെങ്കിലും ഡെനിഷ് ദാസ് – റോട്ട് സെൻ കൂട്ടുകെട്ട് ടീമിനെ പിടിച്ചുയർത്തി.

29 റൺസെടുത്ത സെന്നിനെ പുറത്താക്കി അബ്ദുൽ ബാസിത് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഡെനിഷും ആകാശ് സെൻഗുപ്‌തയും ചേർന്ന് ടീം സ്കോർ 160 കടത്തി. ഡെനിഷ് 49 റൺസെടുത്തും ആകാശ് 21 റൺസെടുത്തും പുറത്താവാതെ നിന്നതോടെ അസം അഞ്ചിന് 165 റൺസ് പടുത്തുയർത്തി.

കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റുകളും അബ്ദുൽ ബാസിത്, കാർത്തിക് ബി നായർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങിൽ കേരളത്തിന് അസറുദ്ദീൻ – രോഹൻ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 7.1 ഓവറിൽ തന്നെ ടീം സ്കോർ സെഞ്ച്വറി കടത്തി. തൊട്ടടുത്ത ഓവറിൽ അർധ സെഞ്ച്വറി നേടിയ രോഹൻ റോഷൻ ആലമിന്റെ പന്തിൽ മടങ്ങി. 26 പന്തിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളും അടക്കം 53 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജുവിനെ സാക്ഷിയാക്കി അസറുദ്ദീൻ തന്റെ വെടിക്കെട്ട് ബാറ്റിങ് തുടരുന്നു. ഒടുവിൽ 12.3 ഓവറിൽ താരം സിക്സടിച്ച് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. 37 പന്തിൽ ഒമ്പത് സിക്സറുകളും ആറ് ഫോറുകളും അടക്കം 93 റൺസെടുത്ത് അസറുദ്ദീൻ പുറത്താവാതെ നിന്നപ്പോൾ സഞ്ജു സാംസൺ 13 പന്തിൽ പുറത്താവാതെ 14 റൺസെടുത്തു. 

© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.