
എം.ഡി. നിധീഷ്, സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ
ന്യൂ ചണ്ഡിഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മഹാരാഷ്ട്രൻ കരുത്തിനുമീതെ കേരളത്തിന്റെ വിജയഭേരി. 94 റൺസിനാണ് കേരളം മറാത്തക്കാരെ തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സഞ്ജു സാംസൺ സംഘം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര 16 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
ഓപണർ രോഹൻ കുന്നുമ്മലിന്റെയും (47 പന്തിൽ 75) ക്യാപ്റ്റൻ സഞ്ജുവിന്റെയും (16 പന്തിൽ 47) വെടിക്കെട്ട് ബാറ്റിങ്ങും പേസർ എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് അനായാസ ജയം സമ്മാനിച്ചത്. നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. ആദ്യ കളിയിൽ കേരളം അഞ്ച് വിക്കറ്റിന് മധ്യപ്രദേശിനോട് തോറ്റിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം തുടക്കത്തിൽ ഞെട്ടി. ഓപണർ മുഹമ്മദ് അസ്ഹറുദ്ദീൻ (1) രണ്ടാം ഓവറിൽ പുറത്ത്. ഫോമിലായിരുന്ന രോഹനും അഹ്മദ് ഇമ്രാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു.
13 റൺസെടുത്ത അഹ്മദ് ഇമ്രാൻ വിക്കി ഓസ്വാളിന്റെ പന്തിൽ മടങ്ങി. തുടർന്ന് സംഗമിച്ച സഞ്ജുവും രോഹനും 26 പന്തിൽ 66 റൺസാണ് ചേർത്തത്. പ്രശാന്ത് സോളങ്കിയുടെ ഓവറിൽ തുടരെ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയ സഞ്ജു, തനയ് സാംഘ്വിക്കെതിരെ ഹാട്രിക് സിക്സർ പറത്തി.
16 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 47 റൺസെടുത്ത സഞ്ജു, ഓസ്വാളിന്റെ പന്തിലാണ് പുറത്തായത്. മറുവശത്ത് ബാറ്റിങ് തുടർന്ന രോഹൻ 47 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 75 റൺസ് നേടി.
സഞ്ജു – രോഹൻ കൂട്ടുകെട്ടിന്റെ തകർപ്പൻ ബാറ്റിങ്ങിനൊപ്പം അവസാന ഓവറുകളിൽ സൽമാൻ നിസാറിന്റെ മിന്നലാട്ടം കൂടി ചേർന്നതോടെയാണ് കേരളത്തിന്റെ സ്കോർ 211ൽ എത്തിയത്.
സൽമാൻ 13 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 29 റൺസുമായി പുറത്താകാതെ നിന്നു. മഹാരാഷ്ട്രക്കുവേണ്ടി മുകേഷ് ചൗധരി മൂന്നും വിക്കി ഓസ്വാൾ രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്ര നിധീഷിന്റെ ഉജ്ജ്വല ബൗളിങ്ങിനുമുന്നിൽ തകർന്നടിയുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തുതന്നെ സിക്സർ പറത്തിയാണ് ക്യാപ്റ്റൻ പൃഥ്വി ഷാ തുടക്കമിട്ടത്.
എന്നാൽ, ഓവറിലെ മൂന്നാം പന്തിൽ പൃഥ്വിയെ (6) നിധീഷ്, ഗോവിന്ദ് ദേവ് പൈയുടെ കൈകളിലെത്തിച്ചു. അഞ്ച് റൺസെടുത്ത ആർഷിൻ കുൽക്കർണി കെ.എം. ആസിഫിന്റെ പന്തിൽ പുറത്തായി.
തൊട്ടടുത്ത ഓവറിൽ തുടരെയുള്ള പന്തുകളിൽ രാഹുൽ ത്രിപാഠിയെയും കിരൺ ചോർമാലെയെയും വീഴ്ത്തി നിധീഷ് ആഞ്ഞടിച്ചതോടെ കളിയുടെ നിയന്ത്രണം കേരളത്തിന്റെ കൈകളിലായി. തുടർന്ന് സൂരജ് ഷിൻഡയെയും മുകേഷ് ചൗധരിയെയും കൂടി മടക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചു.
21 പന്തിൽ 28 റൺസെടുത്ത രാമകൃഷ്ണ ഘോഷും 14 പന്തിൽ 23 റൺസെടുത്ത പ്രശാന്ത് സോളങ്കിയും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. മൂന്നുവിക്കറ്റ് വീഴ്ത്തിയ ബിജു നാരായണനും കേരള ബൗളിങ് നിരയിൽ തിളങ്ങി.
