
പ്രിൻസ് & ലെജൻഡ് മുംബൈയിലെ ചരിത്രപ്രസിദ്ധമായ ബല്ലാർഡ് എസ്റ്റേറ്റിൽ തെരുവ് ക്രിക്കറ്റ് കളിക്കുന്ന ബ്രിട്ടീഷ് രാജകുമാരൻ വില്യം. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറും
മുംബൈ: ആറാമത് എർത്ത്ഷോട്ട് പുരസ്കാര വിതരണ ചടങ്ങിനായി ബ്രിട്ടീഷ് രാജകുമാരൻ വില്യമും ഭാര്യ കെയ്റ്റ് മിഡിൽടണും തിങ്കളാഴ്ച മുംബൈയിലെത്തി. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർക്കും സ്കൂൾ വിദ്യാർഥിനികൾക്കും ഒപ്പം, നഗരത്തിന്റെ ചിഹ്നങ്ങളിൽ ഒന്നായ തെരുവ് ക്രിക്കറ്റ് കളിച്ചാണ് രാജ ദമ്പതികളുടെ മുംബൈ സന്ദർശന തുടക്കം.
ബ്രിട്ടീഷ് കാലത്തിന്റെ അടയാളങ്ങളുള്ള ബല്ലാർഡ് എസ്റ്റേറ്റിലെ തെരുവിലായിരുന്നു സൗഹൃദ ക്രിക്കറ്റ് മത്സരം. രാജ ദമ്പതികളുടെ കോച്ചിന്റെ വേഷമായിരുന്നു സചിന്. ബൗളിങ്ങും ബാറ്റിങ്ങുമായി ദമ്പതികൾ കാണികളിൽ ആവേശം പകർന്നു. സചിന്റെ അഞ്ചാമത്തെ ബാളിൽ വില്യം രാജകുമാരൻ പുറത്തായപ്പോൾ എട്ട് ബാളോളം പിടിച്ചുനിന്ന കെയ്റ്റ് രാജകുമാരി സിക്സർ പറത്തി. വില്യമിന്റെ ബാളിൽ കാച്ചിലൂടെയാണ് പുറത്തായത്.
കളി കൊഴുക്കുമ്പോൾ ദോൾവാദ്യത്തിലൂടെ പ്രശസ്ത ഇറ്റാലിയൻ ഗാനമായ ‘ബെല്ല സിയവോ’ പശ്ചാത്തലത്തിൽ ഒഴുകി. തുടർന്ന് തെരുവിൽ ആൽമരത്തിനുകീഴെ ഇരുന്ന് മൺപാത്രത്തിൽ നഗരത്തിന്റെ ‘കട്ടിങ് ചായ’ നുകർന്നു. സചിനും ബ്രിട്ടീഷ് ആക്ടിങ് ഹൈകമീഷണർ ബെൻ മെല്ലറും ഒപ്പം ചേർന്നു. പിന്നീട് നിയമസഭ മന്ദിരത്തിനടുത്തുള്ള വിധാൻ ഭവൻ സ്റ്റേഷനിൽ നിന്നും ദമ്പതികൾ എർത്ത്ഷോട്ട് പുരസ്കാര ചടങ്ങിന് മുന്നോടിയായുള്ള സംഗമത്തിന് ബി.കെ.സിയിലേക്ക് മെട്രോട്രെയിനിൽ യാത്ര ചെയ്തു. ചൊവ്വാഴ്ചയാണ് ആഗോള പരിസ്ഥിതി പുരസ്കാര ദാന ചടങ്ങ്. ബുധനാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മടങ്ങും.
