
മെൽബൺ: പണ്ടൊരുനാൾ കുപ്പിയിലടക്കപ്പെട്ട ഭൂതം, എല്ലാം അവസാനിച്ചുവെന്നുറപ്പിച്ചൊരു ദിനം വീണ്ടും പുറത്തിറങ്ങി വേട്ട തുടങ്ങിയ പോലെയായിരിക്കുന്നു ക്രിക്കറ്റ് ആസ്ട്രേലിയ. എല്ലാവരും മറന്ന്, പാപങ്ങളെല്ലാം പൊറുത്ത് ആരാധകർ വീണ്ടും നെഞ്ചിലേറ്റി തുടങ്ങിയ താരങ്ങൾ വീണ്ടും വിചാരണ ചെയ്യപ്പെടുന്നു.
2018ൽ ക്രിക്കറ്റ് ആസ്ട്രേലിയയുടെ യശസ്സിനും പെരുമക്കും ഏറെ ആഘാതം തീർത്താണ് ‘സാൻഡ്പേപ്പർ ഗേറ്റ്’ എന്ന പന്തുചുരണ്ടൽ വിവാദം അവസാനിച്ചത്.
ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബൗളർ കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് നീണ്ടകാലത്തെ വിലക്ക് സമ്മാനിച്ച് ടീമിലെ മറ്റു താരങ്ങൾ ഒരുവിധം മുഖം രക്ഷിച്ച വിവാദം അടങ്ങിയിട്ടിപ്പോൾ വർഷങ്ങളായി. എന്നാലിപ്പോൾ, ആ ടീമിലെ അംഗമായ ഉസ്മാൻ ഖവാജ നടത്തിയ വെളിപ്പെടുത്തലിൽ ക്രിക്കറ്റ് ആസ്ട്രേലിയ വീണ്ടും ഞെട്ടി വിറച്ചു. പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ ‘സബ്റു’മായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ഖവാജ കുപ്പിയിലടച്ച് കടലിലൊഴുക്കിയ ഭൂതത്തെ വീണ്ടും തുറന്നുവിട്ടത്. 2018 ദക്ഷിണാഫ്രിക്ക പര്യടനത്തിനിടയിലെ കേപ്ടൗൺ ടെസ്റ്റിനിടെ സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള തീരുമാനം ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ വെളിപ്പെടുത്തൽ. എന്നാൽ, ടീമിലെ മൂന്നുപേരെ മാത്രം ബലിയാടുകളാക്കിയെന്നുമുള്ള ഖവാജയുടെ വെളിപ്പെടുത്തൽ തുറന്നുവിട്ടത് വലിയ കൊടുങ്കാറ്റിനാണ്. ഉടൻ തന്നെ മുൻ കോച്ച് ഡാരൻ ലെഹ്മാൻ നിഷേധിച്ചുവെങ്കിലും, ഡേവിഡ് വാർണർ ഖവാജയെ പിന്തുണച്ച് രംഗത്തെത്തിയത് ചുരണ്ടൽ വിവാദം വീണ്ടും സജീവമാക്കി.
മാധ്യമങ്ങളും, മുൻ താരങ്ങളും ആരാധകരും രണ്ടു തട്ടിലാവുകയും, മൈകൽ ക്ലാർക് ഉൾപ്പെടെ മുൻകാല താരങ്ങൾ പുനരന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെ മറന്നുവെന്നു കരുതിയ നാണക്കേട് ക്രിക്കറ്റ് ആസ്ട്രേലിയയെ വീണ്ടും വേട്ടയാടുകയായി.
വീണ്ടുമൊരു അന്വേഷണമില്ല -ക്രിക്കറ്റ് ആസ്ട്രേലിയ
മെൽബൺ: ഖവാജയുടെ വെളിപ്പെടുത്തലും വാർണറുടെ പിന്തുണയുമായതോടെ പന്തു ചുരണ്ടൽ വിവാദം വീണ്ടും മാധ്യമ ശ്രദ്ധയിലെത്തിയെങ്കിലും വീണ്ടുമൊരു അന്വേഷണമെന്ന ആവശ്യം ക്രിക്കറ്റ് ആസ്ട്രേലിയ തള്ളി. സി.ഇ.ഒ ടോഡ് ഗ്രീനാണ് പുനരന്വേഷണം എന്ന ആവശ്യത്തിൽ പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയത്.
‘വീണ്ടുമൊരു അന്വേഷണത്തിനോ പുനഃപരിശോധനക്കോ കാരണങ്ങളൊന്നുമില്ല. അതിൽ നിന്ന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നും തോന്നുന്നില്ല.അന്വേഷണ റിപ്പോർട്ടിൽ പൂർണ തൃപ്തരാണ്. പഴയ കാര്യങ്ങളിലേക്ക് വീണ്ടും പുറത്തിടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് ബോർഡിന്റെ നിലപാട്’ -ടോഡ് ഗ്രീൻ പറഞ്ഞു.
വിവാദത്തിൽ തുടക്കത്തിൽ തന്നെ നിരവധി താരങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2018ലെ സംഭവം നടക്കുമ്പോൾ ടീമിന്റെയോ, ബോർഡിന്റെയോ ഭാഗമായിരുന്നില്ല നിലവിലെ സി.ഇ.ഒ ടോഡ് ഗ്രീൻ.
ഞാനൊന്നുമറിയില്ല, നിലപാടിൽ മാറ്റമില്ല -സ്റ്റാർക്
മെൽബൺ: പന്തിൽ കൃത്രിമം നടത്താനുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്ന വെളിപ്പെടുത്തലുമായി ടീമിലെ അംഗമായ മിച്ചൽ സ്റ്റാർക്. ഡ്രസ്സിങ് റൂമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു പേസ് ബൗളർ സ്റ്റാർക്. ബൗളർമാരായ തങ്ങൾക്ക് സംഭവത്തിൽ യാതൊരു അറിവുമില്ലെന്ന 2021ലെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും താരം പറഞ്ഞു.
‘ബൗളർമാർക്കുവേണ്ടി ഞാൻ സംസാരിക്കുന്നില്ല. എന്നാൽ, എന്റെ മുൻ നിലപാടിൽ മാറ്റമൊന്നുമില്ല. 2021ൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ഓർമയിലും മാറ്റമൊന്നും വന്നിട്ടില്ല’ -സ്റ്റാർക് പറഞ്ഞു.
2018ലെ സംഭവത്തിനു പിന്നാലെ രണ്ടു വർഷം കഴിഞ്ഞായിരുന്നു പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽ വുഡ്, നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക് എന്നിവർ പന്തുചുരണ്ടൽ വിവാദത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സംയുക്ത പ്രസ്താവന നടത്തിയത്. കേപ് ടൗണിലെ ബിഗ് സ്ക്രീനിൽ ദൃശ്യങ്ങൾ കണ്ടപ്പോൾ മാത്രമാണ് തങ്ങൾ ഇത്തരമൊരു സംഭവം അറിഞ്ഞതെന്നും താരം വിശദീകരിച്ചു.
വീണ്ടും അന്വേഷിക്കണം -മൈകൽ ക്ലാർക്ക്
സിഡ്നി: ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ 2018ലെ വിവാദം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി മുൻ നായകൻ മൈകൽ ക്ലാർക്ക് രംഗത്ത്. ആസ്ട്രേലിയൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിന് ഇന്നും അതൊരു മുറിവാണെന്നും, ഈ സംഭവത്തിൽ നിന്ന് ഇനിയും മുന്നോട്ടുപോകാനായിട്ടില്ലെന്നും, അന്വേഷണം നടത്തണമെന്നും ക്ലാർക്ക് ആവശ്യപ്പെട്ടു.
‘എന്താണ് സത്യമെന്ന് വിശ്വസിക്കാൻ ആരാധകർക്ക് കഴിയുന്നില്ല. ഈ വിഷയം വീണ്ടും അന്വേഷിച്ച്, എന്താണ് സത്യമെന്ന് അവർക്ക് അറിയണം. 2018ൽ അവസരമുണ്ടായിരുന്നു. അന്ന് സത്യം പുറത്തുവന്നില്ല. പിന്നീട് 2021ൽ ബാൻക്രോഫ്റ്റ് ചില വെളിപ്പെടുത്തൽ നടത്തിയപ്പോഴും സത്യം പുറത്തെത്തിക്കാൻ അവസരമുണ്ടായിരുന്നു. അപ്പോഴും മിണ്ടിയില്ല. ഇപ്പോൾ വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുന്നു. എന്താണോ സത്യം, അത് പൂർണമായും പുറത്തുവരണം.’ -ക്ലാർക്ക് വെളിപ്പെടുത്തി.
ബാൻക്രോഫ്റ്റും സൂചന നൽകി
പന്ത് ചുരണ്ടൽ നടന്ന് മൂന്നു വർഷത്തിനു ശേഷം വിവാദ നായകൻ കാമറൂൺ ബാൻക്രോഫ്റ്റ് ഖവാജയുടേതിന് സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ‘ദി ഗാർഡിയന്’ നൽകിയ അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് നൽകിയ മറുപടി വലിയ ഒച്ചപ്പാടുണ്ടാക്കി. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം നടത്താനുള്ള നീക്കം ടീമിലെ മറ്റുള്ളവർക്ക് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് ‘അത് സ്വയം വ്യക്തമാണ്’ എന്നായിരുന്നു മറുപടി. താൻ നടത്തിയ പ്രവൃത്തിയുടെ ഗുണം ലഭിച്ച ബൗളർമാർക്ക് അതിനെ കുറിച്ച് അറിവുണ്ടെന്ന സൂചന നൽകുന്നതായിരുന്നു ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഇതിനു പിന്നാലെയാണ് തങ്ങൾക്ക് അറിവില്ലെന്ന വിശദീകരണവുമായി പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവർ സംയുക്ത പ്രസ്താവനയുമായി രംഗത്തുവന്നത്.
