Cricket

സെവാഗിന്റെ വെടിക്കെട്ടിൽ കുതിച്ച് ഇന്ത്യ; അണ്ടർ 19 ഏഷ്യ കപ്പിൽ യുഎഇയെ തോൽപ്പിച്ച് സെമിയിൽ



മസ്കത്ത്: എ.സി.സി അണ്ടർ 19 ഏഷ്യ കപ്പിൽ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ കൗമാരപട. അൽ അമരാത്ത് ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു.എ.ഇയെ പരാജയപ്പെടുത്തിയാണ് ടീമിന്റെ സെമി ഫൈനൽ പ്രവേശം. മത്സരത്തിൽ 70 റൺസിന്റെ ജയമാണ് ഇന്ത്യയുടെ അണ്ടർ 19 ടീം സ്വന്തമാക്കിയത്.

ഇന്ത്യ ഉയർത്തിയ 310 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന യു.എ.ഇ 239 റൺസിന് പുറത്താവുകയായിരുന്നു. ആര്യവീർ സെവാഗിന്റെ സെഞ്ച്വറിയും ഇഷാൻ ധീരജ് സൂദിന്റെ മികച്ച ബൗളിങ്ങ് പ്രകടനവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആര്യവീറും ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇന്ത്യൻ സ്കോർ 62 റൺസിൽ നിൽക്കെ 17 റൺസെടുത്ത ലക്ഷ്യ പുറത്തായി. പിന്നാലെത്തിയ വി.കെ വിനീതിനെ കൂട്ടുപിടിച്ച് ആര്യവീർ ആക്രമണഴിച്ചുവിട്ടു.

18-ാം ഓവറിൽ അർധസെഞ്ചുറി തികച്ച ആര്യവീർ 34-ാം ഓവറിൽ 131 പന്തുകൾ നേരിട്ട് സെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ വെടിക്കെട്ടിന് തുടക്കമിട്ട താരം 150 കടന്നു. ഏറെ വൈകാതെ 168 പന്തിൽ ഏഴ് സിക്സറുകളും 17 ഫോറുകളും അടക്കം 160 റൺസുമായി മടങ്ങി. നസീം ഖാനാണ് വിക്കറ്റ് വീഴ്ത്തിയത്.

വിനീതും 69 പന്തിൽ 67 റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു. പിന്നീട് ക്രീസിലെത്തിയവർക്ക് കാര്യമായ സംഭാവന നടത്താനാവാത്തതോടെ ഇന്ത്യൻ ഇന്നിങ്‌സ് ഏഴ് വിക്കറ്റിന് 309 റൺസ് എന്ന നിലയിൽ അവസാനിച്ചു. യു.എ.ഇക്ക് വേണ്ടി നസീം ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി. നൂർ അയോബി, അയാൻ മിസ്ബ, ഹദായത്തുള്ള ഖാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

മറുപടി ബാറ്റിങ്ങിൽ യു.എ.ഇ നിരയിൽ അഹമ്മദ് ഖുദാദ മികച്ച പ്രകടനം കാഴ്ചവെച്ചു. 74 പന്തിൽ 74 റൺസാണ് താരം നേടിയത്. നൂർ അയോബി 39 റൺസും യായിൻ കിരൺ റായ് 29 റൺസും അയാൻ മിസ്ബ 27 റൺസും നേടി. മറ്റാർക്കും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഇഷാൻ ധീരജ് സൂദ് നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയതോടെ 239 റൺസിൽ യു.എ.ഇക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.