Cricket

കളം നിറഞ്ഞ്​ സെവാഗിന്റെ മകൻ ആര്യവീറിന്റെ വെടിക്കെട്ട്! യുഎഇക്ക് 310 റൺസ് വിജയലക്ഷ്യം



അൽ അമറാത്ത്, (ഒമാൻ): പിതാവ് വീരേന്ദർ സെവാഗിന്റെ ബാറ്റിങ് ശൈലിയെ ഓർമിപ്പിക്കുന്ന പ്രകടനവുമായി ആര്യവീർ സെവാഗ് വീണ്ടും കളം നിറഞ്ഞപ്പോൾ അണ്ടർ-19 ഏഷ്യാകപ്പിൽ സെമി ലക്ഷ്യമിടുന്ന ഇന്ത്യക്ക് മികച്ച സ്കോർ. സെവാഗിന്റെ മകൻ ആര്യവീർ എന്ന്​ പ്രത്യേകം ഇനി വിശേഷണമാവശ്യമില്ലെന്ന്​ തെളിയിക്കുന്ന ഇന്നിങ്ങ്​സായിരുന്നു ആര്യവീർ കാഴ്ച വെച്ചത്​. യു.എ.ഇക്കെതിരായ നിർണായക മത്സരത്തിൽ 168 പന്തിൽ 160 റൺസാണ് ആര്യവീർ അടിച്ചുകൂട്ടിയത്. 17 ഫോറുകളും ഏഴ് സിക്‌സറുകളും ഉൾപ്പെട്ട വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 309 റൺസെടുത്തു.
ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ആര്യവീറും ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും ചേർന്ന് ഭേദപ്പെട്ട അടിത്തറയിട്ടു. ആദ്യ പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസാണ് ഇരുവരും നേടിയത്. 17 റൺസെടുത്ത ലക്ഷ്യ പുറത്തായതോടെ വി.കെ വിനീത് ക്രീസിലെത്തി. പിന്നീട് ഇന്ത്യൻ ഇന്നിങ്‌സിന്റെ നിയന്ത്രണം ആര്യവീർ ഏറ്റെടുത്തു.ആദ്യ ഘട്ടത്തിൽ ക്ഷമയോടെ ബാറ്റ് ചെയ്ത താരം പതിയെ ഗിയർ മാറ്റുകയായിരുന്നു. ബൗണ്ടറികളിലൂടെയും സിക്‌സറുകളിലൂടെയും സ്കോർ ഉയർത്തിയ ആര്യവീർ 18-ാം ഓവറിൽ അർധസെഞ്ചുറി തികച്ചു. ഓവറിലെ തുടർച്ചയായ മൂന്നാമത്തെയും നാലാമത്തെയും പന്തുകളിൽ ഫോറും സിക്‌സറും പറത്തിയായിരുന്നു ഫിഫ്റ്റി. ടൂർണമെന്റിലെ താരത്തിന്റെ രണ്ടാം അർധസെഞ്ചുറിയായിരുന്നു ഇത്.34-ാം ഓവറിൽ 131 പന്തുകൾ നേരിട്ട ആര്യവീർ സെഞ്ചുറി പൂർത്തിയാക്കി. ഈ ഘട്ടത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെന്ന നിലയിലായിരുന്നു.സെഞ്ചുറിക്ക് ശേഷമായിരുന്നു ആര്യവീറിന്റെ യഥാർഥ വെടിക്കെട്ട്. റൺനിരക്ക് ഉയർത്തിയ താരം 37-ാം ഓവറിൽ മാത്രം 21 റൺസാണ് അടിച്ചെടുത്തത്. രണ്ട് ഫോറും രണ്ട് സിക്‌സറും ഉൾപ്പെട്ട ആ ഓവറോടെ ഇന്ത്യൻ ഇന്നിങ്‌സിന് പുതിയ വേഗം ലഭിച്ചു. തൊട്ടടുത്ത ഓവറിൽ ഇന്ത്യ 200 റൺസ് കടന്നു. പിന്നാലെ സിക്‌സറുകളും ബൗണ്ടറികളും പായിച്ച് ആര്യവീർ 150 റൺസും പിന്നിട്ടു.ഇതിനിടെ മറുവശത്ത് ബാറ്റിങ് തുടർന്ന വിനീത് 43-ാം ഓവറിൽ അർധസെഞ്ചുറി തികച്ചു. ആദ്യ പന്തിൽ സിക്‌സറടിച്ചായിരുന്നു ഫിഫ്റ്റി. ആ ഓവറിൽ ഇരുവരും ചേർന്ന് 17 റൺസും നേടി. എന്നാൽ അധികം വൈകാതെ ആര്യവീറിന്റെ തകർപ്പൻ ഇന്നിങ്‌സിന് വിരാമമായി. 168 പന്തിൽ 160 റൺസെടുത്താണ്​ ആര്യവീർ പുറത്തായത്​.വിനീതും 67 റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു. പിന്നീട് ക്രീസിലെത്തിയവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. അർജുൻ രാജ്പുത് നാല് റൺസിനും അൻവയ് ദ്രാവിഡ് 12 റൺസിനും മനാൽ ചൗഹാൻ ഒരു റണ്ണിനും പുറത്തായി. യഷ്ബർധാൻ ചൗഹാൻ 17 റൺസെടുത്തു. ഒടുവിൽ ഇന്ത്യയുടെ പോരാട്ടം 309 റൺസിൽ അവസാനിച്ചു.

ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളും ജയിച്ച പാകിസ്താൻ ഇതിനകം സെമി ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയും യു.എ.ഇയും ഓരോ ജയവും തോൽവിയും വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.ആദ്യ മത്സരത്തിൽ നേപ്പാളിനെ പത്ത് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്താനോട് മൂന്ന് വിക്കറ്റിന് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി.അതേസമയം, ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റ യു.എ.ഇ രണ്ടാം മത്സരത്തിൽ നേപ്പാളിനെ കീഴടക്കി തിരിച്ചുവന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ പോരാട്ടം അവർക്കും നിർണായകമാണ്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.