Cricket

'ഇത് പറഞ്ഞതിന് എന്നെ കൊന്നോളൂ…പക്ഷേ സത്യം അതാണ്’; ഹാർദിക് പാണ്ഡ്യയെക്കുറിച്ച് ആകാശ് ചോപ്ര



മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ശ്രദ്ധേയമായ അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹാർദിക് ടീം വിട്ടാലും മുംബൈ ഇന്ത്യൻസിന് കാര്യമായ തിരിച്ചടിയുണ്ടാകില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തൽ. പകരം പഞ്ചാബിന്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെ സ്വന്തമാക്കാനായാൽ മുംബൈയുടെ ബൗളിങ് നിര കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2027 ഐ.പി.എൽ സീസണിന് മുന്നോടിയായി താരങ്ങളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുന്നത്. ഹാർദിക്കിനെ സ്വന്തമാക്കാൻ പഞ്ചാബ് കിങ്സ് താൽപര്യം പ്രകടിപ്പിച്ചതായും പകരം അർഷ്ദീപ് സിങ്ങിനെയും വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെയും മുംബൈക്ക് നൽകാൻ നീക്കമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, താരക്കൈമാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഹാർദിക് മുംബൈ വിട്ടാൽ ടീമിന് അദ്ദേഹത്തിന്റെ അഭാവം വലിയ പ്രശ്നമാകില്ലെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഹാർദിക്കിന്റെ കഴിവുകളെ ഏറെ വിലമതിക്കുന്നുണ്ടെങ്കിലും മുംബൈയുടെ നിലവിലെ താരനിര പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് പകരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

‘ഇത് പറഞ്ഞതിന് നിങ്ങൾ എന്നെ കൊല്ലുമായിരിക്കാം. പക്ഷേ, ഹാർദിക്കിന്റെ അഭാവം മുംബൈക്ക് അത്ര വലിയ നഷ്ടമാകില്ല. ഹാർദിക്കിനെ എനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് നിങ്ങൾക്കറിയാം. എന്നാൽ, അദ്ദേഹമില്ലാതെയും മുംബൈക്ക് മുന്നോട്ടുപോകാനാകും’ -ചോപ്ര പറഞ്ഞു.

രോഹിത് ശർമ, റയാൻ റിക്കിൾട്ടൺ, ക്വിന്റൺ ഡികോക്ക്, തിലക് വർമ, സൂര്യകുമാർ യാദവ്, ഷെർഫെയ്ൻ റൂതർഫോർഡ്, നമൻ ധിർ തുടങ്ങിയവർ ഉൾപ്പെടുന്ന മുംബൈയുടെ ബാറ്റിങ് നിര ശക്തമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഹാർദിക് ടീം വിടുകയാണെങ്കിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്സിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനും കൂടുതൽ അവസരമുണ്ടാകും.

അർഷ്ദീപ് മുംബൈയിലെത്തിയാൽ ജസ്പ്രീത് ബുംറക്കൊപ്പം മികച്ച പേസ് കൂട്ടുകെട്ട് രൂപപ്പെടുത്താനാകുമെന്നും ചോപ്ര പറഞ്ഞു. ദീപക് ചാഹറോ കോർബിൻ ബോഷോ കൂടി ചേരുന്നതോടെ മുംബൈയുടെ പേസാക്രമണം കൂടുതൽ കരുത്താർജിക്കും. സ്പിൻ വിഭാഗത്തിൽ മിച്ചൽ സാന്റ്നറും അല്ലാഹ് ഗസൻഫറും ടീമിന് മികച്ച സാധ്യതകൾ നൽകുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

2027 സീസണിന് മുന്നോടിയായി മുംബൈ ഒഴിവാക്കേണ്ട താരങ്ങളെക്കുറിച്ചും ചോപ്ര അഭിപ്രായപ്പെട്ടു. ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിനെ നിലനിർത്തേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

2026 സീസണിൽ അഞ്ച് മത്സരങ്ങളിൽനിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ബോൾട്ടിന് നേടാനായത്. ഒരു ഓവറിൽ ശരാശരി 11.5 റൺസ് വിട്ടുകൊടുത്ത താരത്തിനായി 12.5 കോടി രൂപ ചെലവഴിക്കുന്നത് ഗുണകരമല്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ബോൾട്ടിനെ ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് മുംബൈക്ക് മറ്റു താരങ്ങളെ ടീമിലെത്തിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടങ്കയ്യൻ സ്പിന്നർമാരായ കേശവ് മഹാരാജ്, മിച്ചൽ സാന്റ്നർ എന്നിവരിൽ ഒരാളെ ഒഴിവാക്കുന്നതും പരിഗണിക്കണമെന്ന് ചോപ്ര നിർദേശിച്ചു. ഇരുവരും സമാന സ്വഭാവമുള്ള ബൗളർമാരായതിനാൽ ഒരാളെ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് അഭിപ്രായം.

അതേസമയം, ഹാർദിക്കിന്റെ താരക്കൈമാറ്റം നടക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മുംബൈയുടെ മറ്റു തീരുമാനങ്ങളെന്നും ചോപ്ര വ്യക്തമാക്കി. പകരം അനുയോജ്യരായ താരങ്ങളെ ലഭിക്കുന്നില്ലെങ്കിൽ ഹാർദിക്കിനെ നിലനിർത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.