എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ്: ഉസ്ബെക്കിസ്ഥാനോട് തോറ്റു; ഇന്ത്യ പുറത്ത്


ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി ഹാൾ സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നിലവിലെ ചാമ്പ്യന്മാരായ ഉസ്ബെക്കിസ്ഥാനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ഇതോടെ ഫിഫ അണ്ടർ-17 ലോകകപ്പ് ഖത്തർ 2026-ലേക്കുള്ള ഇന്ത്യൻ ടീമിന്റെ യോഗ്യതാ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ത്യയെ മറികടന്ന് ഉസ്ബെക്കിസ്ഥാനും ഓസ്‌ട്രേലിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറി.

ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് വലിയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ മത്സരം നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്ത്യ കളി തുടങ്ങിയത്. ഉസ്ബെക്കിസ്ഥാൻ തുടക്കം മുതൽ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ രാജ്‌രൂപ് സർക്കാർ മികച്ച സേവുകളിലൂടെ ഇന്ത്യയെ മത്സരത്തിൽ നിലനിർത്തി.

എന്നാൽ 32-ാം മിനിറ്റിൽ ഇന്ത്യൻ ഗോൾകീപ്പർ രാജ്‌രൂപ് സർക്കാർ ബോക്സിനുള്ളിൽ ലാസിസ് അബ്ദുറൈമോവിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് ഉസ്ബെക്കിസ്ഥാന് പെനാൽറ്റി ലഭിച്ചു. അബ്ദുറൈമോവ് അത് കൃത്യമായി ഗോളാക്കി മാറ്റി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗുൻലീബ വാങ്‌ഖിരാക്പാം നൽകിയ ക്രോസ് ഗോളിലേക്ക് തിരിച്ചുവിടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല.

രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. 56-ാം മിനിറ്റിൽ ദല്ലാൾമുൻ ഗാംഗ്ടെയുടെ ഫ്രീ-കിക്ക് ബാറിൽ തട്ടി മടങ്ങി. റീബൗണ്ടിലൂടെ വന്ന പന്ത് ഹീരംഗൻബ സേറമിന് വലയിലാക്കാനും സാധിച്ചില്ല.

മത്സരത്തിന്റെ 60-ാം മിനിറ്റിൽ വാങ്‌ഖെം ഡെന്നി സിങ്ങിന്റെ പിഴവിൽ നിന്ന് ഒരു സെൽഫ് ഗോൾ വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തുടർന്ന് 78-ാം മിനിറ്റിൽ അക്രോർബെക് റവ്ഷൻബെക്കോവ് ഗോൾ നേടിയതോടെ ഉസ്ബെക്കിസ്ഥാൻ വിജയം ഉറപ്പിച്ചു. ഈ തോൽവിയോടെ യോഗ്യതയിലൂടെ ഫിഫ അണ്ടർ-17 ലോകകപ്പിൽ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ മോഹം വീണ്ടും അകന്നു.

പ്രസിദ്ധീകരിച്ച തീയതി: മെയ് 11, 2026

© Madhyamam