കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ രണ്ടാമത്തെയും സ്വന്തം തട്ടകത്തിലെ ആദ്യത്തെയും ജയം ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മലയാളി താരങ്ങളായ നിഹാൽ സുധീഷും വിബിൻ മോഹനനും സ്കോർ ചെയ്തു. ജയത്തോടെ 10 മത്സരങ്ങളിൽ എട്ട് പോയന്റുമായി 11ാം സ്ഥാനത്തേക്ക് കയറി ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന് കീഴിൽ ടീം മികച്ച പ്രകടനം നടത്തുന്നതാണ് നിലവിലെ കാഴ്ച.
ആദ്യ പകുതിയിൽതന്നെ ആധിപത്യം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് പന്തിനുമേൽ പൂർണ നിയന്ത്രണം ഏറ്റെടുത്തു. 12ാം മിനിറ്റിൽ കെവിൻ യോക്ക് നൽകിയ ത്രൂ ബാൾ സ്വീകരിച്ച ബെനാരിഫ് ബോക്സിനുള്ളിലേക്ക് നൽകിയ പാസ് യുവതാരം നിഹാൽ സുധീഷ് കൃത്യമായി വലയിലെത്തിച്ചു. ഇടക്ക് പരിക്കേറ്റ കരീം ബെനാരിഫിന് പകരം വിബിൻ കളത്തിലിറങ്ങിയത് വഴിത്തിരിവായി. 36ാം മിനിറ്റിൽ വിബിനിലൂടെത്തന്നെ ലീഡ് രണ്ടാക്കി ഉയർത്തി. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിനുള്ളിലേക്ക് വന്ന ക്രോസ് വിബിൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.
രണ്ട് ഗോൾ ലീഡോടെ രണ്ടാം പകുതി തുടങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ തിരിച്ചടിക്കാനായി ജാംഷഡ്പുർ ആവുംവിധം ശ്രമിച്ചെങ്കിലും പ്രതിരോധം വിട്ടുകൊടുത്തില്ല. ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ സേവുകൾ തുണച്ചപ്പോൾ ക്ലീൻ ഷീറ്റ് നിലനിർത്തി. 84ാം മിനിറ്റിൽ ബെർത്തോമിയോയെ ഫൗൾ ചെയ്തതിന് ജാംഷഡ്പുർ താരം സ്റ്റീഫൻ എസെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും ആതിഥേയർക്ക് അനുഗ്രഹമായി. പത്തുപേരായി ചുരുങ്ങിയ ജാംഷഡ്പുരിനെതിരെ അവസാന നിമിഷങ്ങളിലും ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നു. ഒമ്പത് കളികളിൽ 15 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ജാംഷഡ്പുർ. ഏപ്രിൽ 23ന് കൊച്ചിയിൽ ഒഡിഷ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
