ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം; മിച്ചലിനെ പിന്തള്ളി ഗിൽ ഒന്നാമത്, ആദ്യ അഞ്ചിൽ ഇടംപിടിച്ച് കോഹ്‌ലിയും രോഹിതും



ന്യൂഡൽഹി: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്നാണ് ഗിൽ ആറു മാസങ്ങൾക്ക് ശേഷം വീണ്ടും ലോക ഒന്നാം നമ്പർ ബാറ്ററായത്. ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പട്ടികയിലാണ് ഗിൽ ഒന്നാമതെത്തിയത്.

801 റേറ്റിങ് പോയിന്റുകളോടെയാണ് ഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 794 പോയിന്റുള്ള ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിന പരമ്പരയിൽ മിച്ചൽ കളിക്കാതിരുന്നതാണ് റാങ്കിംഗിൽ തിരിച്ചടിയായത്. കഴിഞ്ഞ ജനുവരി മുതൽ മിച്ചലായിരുന്നു റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്നത്.

ഏകദിന ബാറ്റിങ് റാങ്കിംഗിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ് കൈയടക്കിവെച്ചിരിക്കുന്നത്. 767 റേറ്റിങ് പോയിന്റോടെ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തും, 758 പോയിന്റോടെ രോഹിത് ശർമ നാലാം സ്ഥാനത്തും തുടരുന്നു. ഇവർക്ക് പുറമെ ശ്രേയസ് അയ്യർ 13-ാം സ്ഥാനത്തും കെ.എൽ. രാഹുൽ 18-ാം സ്ഥാനത്തുമായി ആദ്യ 20-ൽ ഇടംപിടിച്ചിട്ടുണ്ട്.

ഏകദിന ബൗളിങ് റാങ്കിംഗിൽ നമീബിയൻ സ്പിന്നർ ബെർണാഡ് ഷോൾട്സ് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. നേപ്പാളും നെതർലൻഡ്സും ഉൾപ്പെട്ട ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് 2 ട്രൈ സീരീസിലെ മികച്ച പ്രകടനമാണ് ഷോൾട്സിന് തുണയായത്. ടെസ്റ്റ് റാങ്കിംഗിൽ പാകിസ്താനെതിരായ മിന്നുന്ന പ്രകടനത്തിന് പിന്നാലെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജസ്റ്റിൻ ഗ്രീവ്സ് വലിയ മുന്നേറ്റം നടത്തി.

തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡൻ ഓവറുകൾ എറിഞ്ഞ ഗ്രീവ്സ്, ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ 21 സ്ഥാനങ്ങൾ ഉയർന്ന് 48-ാമതും ഓൾറൗണ്ടർമാരുടെ പട്ടികയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാമതുമെത്തി. ബാറ്റിങ് റാങ്കിംഗിൽ പാകിസ്താൻ താരം ബാബർ അസം നാല് സ്ഥാനങ്ങൾ ഉയർന്ന് 15-ാം സ്ഥാനത്തെത്തി.



© Madhyamam