ലണ്ടൻ: നാലുപതിറ്റാണ്ട് തികയാനിരിക്കുന്ന കാത്തിരിപ്പിന് വിരാമമിട്ട് ലീഡ്സ് യുനൈറ്റഡ്. 1987നു ശേഷം ആദ്യമായി ഇവർ എഫ്.എ കപ്പ് ഫുട്ബാൾ സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വെസ്റ്റ് ഹാം യുനൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽപിച്ചത്.
ലീഡ്സ് 2-0ത്തിന് ജയം ഉറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ രണ്ട് ഗോൾ മടക്കി വെസ്റ്റ് ഹാം മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിൽ ആർക്കും സ്കോർ ചെയ്യാനായില്ല. വെസ്റ്റ് ഹാമിന്റെ തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തിൽ ലീഡ്സിനായി അവോ തനക 26ാം മിനിറ്റിൽ ലീഡ് പിടിച്ചു. അടുത്ത ഗോൾ പിറന്നത് 75ാം മിനിറ്റിലാണ്. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡൊമിനിക് കാൾവർട്ട്-ലൂയിൻ സന്ദർശകരുടെ മുൻതൂക്കം രണ്ടാക്കി. ഈ സ്കോറിൽ കളി തീരാനിരിക്കെയാണ് അവസാന നിമിഷങ്ങളിൽ മാറ്റിയസ് ഫെർണാണ്ടസ് (90+3), ആക്സൽ ഡിസാസി (90+7) എന്നിവരിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചത്.
എക്സ്ട്രാ ടൈമിലും ഈ നില തുടർന്നു. ഷൂട്ടൗട്ടിൽ ലീഡ്‌സ് ഗോൾകീപ്പർ ലൂക്കാസ് പെറി നടത്തിയ മികച്ച സേവുകൾ വിജയത്തിൽ നിർണായകമായി. പാസ്കൽ സ്ട്രൂയിക് ആണ് ഇവരുടെ വിജയഗോൾ കുറിച്ചത്. 4-2നായിരുന്നു ജയം. ഏപ്രിൽ 25ന് നടക്കുന്ന സെമിയിൽ ലീഡ്സിനെ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയെ സതാംപ്ടണും നേരിടും.
ക്യാപ്റ്റൻ സിൽവ സിറ്റി വിടുന്നു
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ബെർണാഡോ സിൽവ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് അസിസ്റ്റന്റ് മാനേജർ പെപ് ലിണ്ടേഴ്സ് സ്ഥിരീകരിച്ചു. 2025-26 സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന സിൽവ ഫ്രീ ഏജന്റായാണ് ക്ലബ് വിടുക.
ഒമ്പത് വർഷത്തെ സിറ്റി കരിയറിന് പോർചുഗൽ മിഡ്ഫീൽഡർ ഇതോടെ വിരാമമിടും. സിൽവ തന്റെ അടുത്ത ഇടം ഏതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബാഴ്‌സലോണ, യുവന്റസ്, ബെൻഫിക, അല്ലെങ്കിൽ സൗദി പ്രോ ലീഗ് ക്ലബുകളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫിഫ ലോകകപ്പിന് മുമ്പ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചേക്കും.
2017ൽ മൊണാക്കോയിൽനിന്ന് സിറ്റിയിലെത്തിയ സിൽവ, 450ലധികം മത്സരങ്ങളിൽ കളിക്കുകയും ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ 19 പ്രധാന ട്രോഫികൾ നേടുകയും ചെയ്തിട്ടുണ്ട്.
