ന്യൂഡൽഹി: സമീപകാലത്തെ ഏറ്റവും മോശം പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നിർണായക മത്സരം. വൈകുന്നേരം അഞ്ചിന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയാണ് എതിരാളികൾ. പോയന്റ് പട്ടികയിൽ അടിത്തട്ടിൽ കിടക്കുന്നവരാണ് ഇരു ടീമുകളും. ഡേവിഡ് കാറ്റലക്ക് പകരം ചുമതലയേറ്റ പുതിയ കോച്ച് ആഷ്ലി വെസ്റ്റ്വുഡിന് കീഴിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരവുമാണിത്. ജയത്തോടെ തുടങ്ങുകയാണ് ഇംഗ്ലണ്ടുകാരനായ വെസ്റ്റ്വുഡിന്റെ ലക്ഷ്യം.
ആറ് കളികളിൽ ഒരു ജയം പോലും നേടാനാവാത്ത ബ്ലാസ്റ്റേഴ്സ് ഒറ്റ പോയന്റുമായി 13ം സ്ഥാനത്താണ്. രണ്ട് സമനിലകളുമായി സ്പോർട്ടിങ് ക്ലബ് ഡൽഹി തൊട്ടുമുകളിൽ 12ാം സ്ഥാനത്തും. ഇനിയും ജയിക്കാനായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ അപകടത്തിലാവുകയും തരംതാഴ്ത്തപ്പെടുകയും ചെയ്യും. സസ്പെൻഷൻ കാരണം വിക്ടർ ബെർട്ടോമിയു, മാർലോൺ റൂസ്-ട്രുജിലോ എന്നിവർ ഇന്ന് കളിക്കില്ല. നഷ്ടപ്പെട്ട ആത്മവിശ്വാസവും ഊർജവും തിരികെ കൊണ്ടുവരികയാണ് മുൻഗണനയെന്ന് വെസ്റ്റ്വുഡ് പറഞ്ഞു. കളിക്കാർക്ക് മൈതാനത്ത് കൃത്യമായ നിർദേശങ്ങൾ നൽകുമെന്നും പന്തിനോടൊപ്പവും അല്ലാതെയും എങ്ങനെ കളിക്കണം എന്നതിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
