കൊൽക്കത്ത: ഹസ്തദാന വിവാദത്തിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. പാക് ടീമിന്‍റെ നിലവാരം പാടെ തകർന്നു. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പാകിസ്താൻ ഒരു എതിരാളിയേ അല്ല. അവർക്കെതിരെയുള്ള മത്സരം കാണാൻ പോലും കൊള്ളില്ല. ഇന്ത്യ – പാകിസ്താൻ മത്സരം കാണാൻ തുടങ്ങിയെങ്കിലും 15 ഓവർ കഴിഞ്ഞ് ചാനൽ മാറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരം കാണുകയായിരുന്നു താൻ ചെയ്തതെന്നും ഗാംഗുലി കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.
പാകിസ്താനെതിരെയുള്ള മത്സരം കാണുന്നതിനേക്കാൾ ഇന്ത്യ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളുമായി ഏറ്റമുട്ടുന്നതാണ് കാണാൻ താൽപര്യം. അഫ്ഗാനിസ്താനെതിരെയുള്ള മത്സരം പോലും മികച്ചതാണ്. പാകിസ്താൻ ക്രിക്കറ്റ് ടീമെന്നാൽ വസീം അക്രം, വഖാർ യൂനിസ്, ജാവേദ് മിയാൻദാദ് തുടങ്ങിയവരെപ്പോലുള്ള വലിയ താരങ്ങളെയാണ് ആദ്യം ഓർക്കുക. എന്നാൽ നിലവിലെ കളിക്കാരുടെ പ്രകടനം പരിതാപകരമാണെന്നും ഗാംഗുലി പറഞ്ഞു.
“ഇന്ത്യയും പാകിസ്താനും തമ്മിൽ ഇപ്പോൾ പരസ്പര മത്സരമില്ല. പാകിസ്താൻ ഒരു എതിരാളിയേ അല്ല. പാകിസ്താൻ എന്ന് പറയുമ്പോൾ നമ്മുടെ ഓർമയിൽ വരുന്നത് വഖാർ യൂനിസ്, വസീം അക്രം, സയീദ് അൻവർ, ജാവേദ് മിയാൻദാദ് തുടങ്ങിയവരെയാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ ഇന്നത്തെ പാകിസ്താൻ അങ്ങനെയല്ല. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പാകിസ്താൻ ഒരു എതിരാളിയേ അല്ല. ബഹുമാനത്തോടെയാണ് ഞാൻ ഇത് പറയുന്നത്, കാരണം അവരുടെ പഴയ ടീം എന്തായിരുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ട്. ടീമിലെ നിലവാരക്കുറവാണ് അതിന് കാരണം.
ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും ഇല്ലാതെയാണ് ഇന്ത്യൻ ടീം ഞായറാഴ്ച കളിച്ചത്. ക്രിക്കറ്റിൽ പാകിസ്താനെക്കാളും ഈ ഏഷ്യാകപ്പിലെ ഭൂരിഭാഗം ടീമുകളെക്കാളും ഇന്ത്യ ഏറെ മുന്നിലാണ്. ഒന്നോ രണ്ടോ തവണ തോൽവി വഴങ്ങിയേക്കാം, എന്നാലും ഭൂരിഭാഗം തവണയും ഇന്ത്യ തന്നെയായിരിക്കും ഏറ്റവും മികച്ച ടീം. എനിക്ക് സത്യത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല. ആദ്യത്തെ 15 ഓവറിന് ശേഷം ഞാൻ കളി കാണുന്നത് നിർത്തി, പകരം ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും കളി കാണാൻ തുടങ്ങി” -ഗാംഗുലി തമാശയായി പറഞ്ഞു.
അതേസമയം പാകിസ്താനെതിരെ ഏഴുവിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടിയപ്പോൾ, ഇന്ത്യ 15.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത കുൽദീപ് യാദവാണ് കളിയിലെ താരം. ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് (37 പന്തിൽ 47*) മത്സരത്തിലെ ടോപ് സ്കോറർ. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ യു.എ.ഇ ജയിച്ചതോടെ ഇന്ത്യ സൂപ്പർ ഫോറിൽ കടക്കുന്ന ആദ്യ ടീമായി. വെള്ളിയാഴ്ച ഒമാനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം.