ലണ്ടൻ: സീസണിലെ ആദ്യ ബിഗ് മാച്ചിൽ കരുത്തരായ ആഴ്സനലിനെ വീഴ്ത്തി ലിവർപൂളിന്റെ വിജയ ഗാഥ. ആൻഫീൽഡിലെ സ്വന്തം മുറ്റത്ത് നടന്ന ഉജ്വല പോരാട്ടത്തിൽ ലിവർപൂളിന്റെ ജയത്തിന് അഴകായത് ഹംങ്കറി താരം ഡൊമിനിക് സൊബോസ്ലായുടെ ഫ്രീകിക്ക് ഗോൾ.
അവസരങ്ങൾ ഇരു പകുതികളിലേക്കും മാറിമറിഞ്ഞ അങ്കത്തിനൊടുവിൽ കളിയുടെ 83ാം മിനിറ്റിലായിരുന്നു എല്ലാ സൗന്ദര്യവും ആവാഹിച്ച വിജയ ഗോൾ പിറന്നത്. ലിവർപൂളിന് അനുകൂലമായി ലഭിച്ച കിക്കിനെ ഹങ്കേറിയൻ താരം ഡൊമിനിക് സൊബോസ്ലായ് മനോഹരമായി വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ആഴ്സനൽ പ്രതിരോധ കോട്ടക്കും മുകളിലൂടെ പറന്ന പന്ത് ഗോൾ കീപ്പർ ഡേവിഡ് റായയെയും കബളിപ്പിച്ച് പോസ്റ്റിനുള്ളിൽ കയറി വലകുലുക്കി വിശ്രമിച്ചു.
മുഹമ്മദ് സലാഹും എകിടികെയും നയിച്ച ലിവർപൂൾ മുന്നേറ്റനിരയും, ആഴ്സനലിന്റെ മാർടിനെല്ലിയും യോകറസും നയിച്ച ആഴ്സനൽ മുന്നേറ്റവും മാറ്റുരച്ച കളിയിൽ ഇരു നിരയും നിരവധി അവസരങ്ങളും സൃഷ്ടിച്ചിരുന്നു.
സീസണിലെ പോരാട്ടങ്ങൾക്ക് ചൂടുപിടിച്ച് തുടങ്ങുന്നതിനാൽ കരുതലോടെയാണ് കളി മുറുകിയത്. ആക്രമണത്തേക്കാൾ തന്ത്രപരമായ നീക്കങ്ങൾക്കായിരുന്നു ഇരു നിരയും മുൻതൂക്കം നൽകിയത്. പരിക്കേറ്റ് ബുകായോ സാഹയും കായ് ഹാവെർട്സുമില്ലാതെയാണ് ആഴ്സനൽ കോച്ച് മൈകൽ ആർതെറ്റ ടീമിനെ ഇറക്കിയത്. രണ്ടാം പകുതിയിൽ ആഴ്സനലിലും ലിവർപൂളിനും അനുകൂലമായ ഏതാനും അവസരങ്ങൾ പിറന്നെങ്കിലും ഗോളിലെത്തിയില്ല.
മൂന്ന് മത്സരങ്ങളും ജയിച്ച ലിവർപൂൾ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് നേരത്തെ തന്നെ ലീഡുറപ്പിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ ബേൺമൗതിനെയും, ന്യൂകാസിലിനെയും തോൽപിച്ചിരുന്നു. ആദ്യ രണ്ട് കളി ജയിച്ചാണ് ആഴ്സനൽ മൂന്നാം മത്സരത്തിൽ തോറ്റത്. മാഞ്ചസ്റ്റർ യുനൈറ്റഡ്, ലീഡ്സ് ടീമുകൾക്കെതിരായിരുന്നു ആഴ്സനലിന്റെ വിജയം.