മഡ്രിഡ്: അഞ്ചിൽ അഞ്ചും ജയിച്ച് ലോകകപ്പ് യോഗ്യത ഏതാണ്ടുറപ്പിച്ച് സ്പെയിൻ. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ അഞ്ചാം അങ്കത്തിനിറങ്ങിയ സ്പെയിൻ ഒരു മത്സരം ബാക്കിനിൽക്കെ ഫുൾമാർക്കുമായി മുൻനിരയിൽ.
ശനിയാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ ജോർജിയയെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്ത യൂറോപ്യൻ ജേതാക്കൾക്ക് സാങ്കേതികമായി യോഗ്യത ഉറപ്പിക്കാൻ അടുത്ത മത്സരം വരെ കാത്തിരിക്കണം. തിബ്ലിസിൽ നടന്ന മത്സരത്തിൽ മൈകൽ ഒയർസബാൽ ഇരട്ട ഗോളും (11, 63 മിനിറ്റുകൾ), ഫെറാൻ ടോറസ് (34), മാർടിൻ സുബിമെൻഡി (22) എന്നിവരുടെ ഗോളിലൂടെയായിരുന്നു ജയം. സ്റ്റാർ സ്ട്രൈക്കർ ലമിൻ യമാലില്ലാതെയാണ് സ്പെയിൻ ജോർജിയയെ നേരിട്ടത്. ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി സ്പാനിഷ് ക്യാമ്പിലെത്തിയെങ്കിലും, ആരോഗ്യപ്രശ്നത്തെ തുടർന്ന് താരം ബാഴ്സയിലേക്ക് മടങ്ങുകയായിരുന്നു.
അഞ്ച് കളിയിൽ അഞ്ചും ജയിച്ച സ്പെയിൻ 15 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു കളിയിൽ തോറ്റ തുർക്കിയ (12 പോയന്റ്) രണ്ടാം സ്ഥാനത്താണുള്ളത്. 18ന് സ്പെയിനും തുർക്കിയയും തമ്മിലെ മത്സര ഫലം ഗ്രൂപ്പ് ‘ഇ’യിൽ നിന്നുള്ള ലോകകപ്പ് ടീമിനെ തീർപ്പാക്കും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തുർക്കിയ 2-0ത്തിന് ബൾഗേറിയയെ തോൽപിച്ചിരുന്നു. തുർക്കിയക്കെതിരെ തോൽക്കാതിരുന്നാൽ സ്പെയിനിന് ലീഡുമായി തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. അതേസമയം, അട്ടിമറിയാണ് ഫലമെങ്കിൽ, ഇരു ടീമുകളും പോയന്റ് നിലയിൽ ഒപ്പത്തിനൊപ്പമെത്തും. എന്നാൽ, ഗോൾ വ്യത്യാസത്തിൽ ബഹുദൂരം മുന്നിലാണ് സ്പെയിൻ എന്നത് അനുകൂല ഘടകമാണ്.
