ഇന്ത്യൻ കുപ്പായമണിഞ്ഞ്, ഇന്ത്യൻ പാസ്​പോർട്ടിൽ ആദ്യ സീലും പതിച്ച് റ്യാൻ വില്ല്യംസ്; ദേശീയ ഫുട്ബാളിന് ചരിത്ര നിമിഷം


ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് ചരിത്ര നിമിഷം. ഇന്ത്യൻ വംശജരായി പിറന്ന്, വിദേശ രാജ്യങ്ങൾക്കായി മികച്ച പ്രകടനം നടത്തി, ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയായി റ്യാൻ വില്ല്യംസ് എന്ന ആസ്ട്രേലിയക്കാരൻ. വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ത്യൻ പൗരത്വവും, പാസ്​പോർട്ടും സ്വന്തമാക്കി ദേശീയ ടീം ക്യാമ്പിലേക്ക് വിളിയെത്തിയ റ്യാൻ വില്ല്യംസിന്റെ ഇന്ത്യൻ പാസ്​പോർട്ടിൽ ഒടുവിൽ ആദ്യ സീലും പതിഞ്ഞ്, ഇന്ത്യൻ ടീമിനൊപ്പം അരങ്ങേറ്റത്തിനായി പറന്നു.

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ 23 അംഗ സംഘത്തിൽ റ്യാൻ വില്ല്യംസും ഇടം നേടി. ശനിയാഴ്ച ബംഗളൂരുവിൽ നിന്നും പറന്ന ഇന്ത്യൻ ടീമിൽ പുതിയ പാസ്​പോർട്ടും ജഴ്സിയുമായി റ്യാനും ഇടം നേടി.

ഇന്ത്യൻ വേരുകളുള്ള വിദേശതാരങ്ങളെ ടീമിൽ എടുക്കാനുള്ള അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ തീരുമാനത്തിനു പിന്നാലെയാണ് ആസ്ട്രേലിയക്കാരനായ റ്യാൻ വില്ല്യംസിന് അവസരമൊരുങ്ങുന്നത്. ആസ്ട്രേലിയൻ യൂത്ത്‌ ടീമിനായി നിരവധി മത്സരങ്ങൾ കളിച്ച റ്യാൻ സീനിയർ നിരയ്‌ക്കായി ഒരു സ‍ൗഹൃദ കളിയിലും പന്തുതട്ടി. പെർത്തിൽ ജനിച്ച മുപ്പത്തിരണ്ടുകാരന്റെ അമ്മ മുംബൈയിലെ ആംഗ്ലോ-ഇന്ത്യൻ കുടുംബാംഗമാണ്‌.

ഇംഗ്ലണ്ടിൽ ഫുൾഹാമിനായും പോർട്‌സ്‌മ‍ൗത്തിനായും പന്തുതട്ടിയ മുന്നേറ്റക്കാരൻ 2023 മുതൽ ബംഗളൂരു എഫ്‌സിയിലാണ്‌. 46 കളിയിൽ 13 ഗോളും അഞ്ച്‌ അവസരവും ഒരുക്കി.

നേപ്പാൾ വംശജനായ ബൊളീവിയൻ ലീഗിലെ പ്രതിരോധ താരം അബ്‌നീത്‌ ഭാർട്ടിയെയും ക്യാമ്പിലേക്ക്‌ തെരഞ്ഞെടുത്തിരുന്നു.

ഏഷ്യാകപ്പ് യോഗ്യത നേടാനുള്ള അവസരം നേരത്തെ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 18ന് ബംഗ്ലാദേശിലെ ധാക്കയിലാണ് മത്സരം. മലപ്പുറം സ്വദേശിയും ഐ.എസ്.എല്ലിൽ ജംഷഡ്പൂർ താരവുമായ മുഹമ്മദ് സനാനാണ് ടീമിൽ ഇടം നേടിയ ഏക മലയാളി. സനാന്റെ ദേശീയ ടീമി​ലേക്കുളള ആദ്യ വിളിയുമാണിത്. നേരത്തെ അണ്ടർ 23 ടീമിൽ ഇന്ത്യക്കായി കളിച്ചിരുന്നു.



© Madhyamam