പാരിസ്: ലോക ഫുട്ബാളിലെ മികച്ച താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ കണ്ണുനീർ നിയന്ത്രിക്കാൻ ഏറെ പാടുപെടുന്നുണ്ടായിരുന്നു. വേദിയിൽ സംസാരിക്കുമ്പോഴും താരം ഏറെ വികാരഭരിതനായി. താൻ നടന്നുവന്ന വെല്ലുവിളി നിറഞ്ഞ ജീവിതവും അതിനുവേണ്ടി കുടുംബം ചെയ്ത ത്യാഗങ്ങളും ഓർത്തെടുക്കുമ്പോൾ താരത്തിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.
ഇതിനിടെ താരത്തിന്‍റെ മാതാവിനെയും അവതാരകർ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്. വേദിയിലെത്തിയ മാതാവിനെ താരം സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫേവറിറ്റുകളായെത്തിയ ബാഴ്സലോണ താരം ലമീൻ യമാൽ, ലിവർപൂളിന്‍റെ മുഹമ്മദ് സലാഹ് എന്നിവരെയടക്കം പിന്നിലാക്കിയാണ് ലോകം കാത്തിരുന്ന പ്രഖ്യാപനത്തിൽ ഫ്രഞ്ച് സ്ട്രൈക്കറുടെ സിംഹാസനാരോഹണം.
ഡെംബലെയുടെ തോളിലേറിയാണ് കഴിഞ്ഞ സീസണിൽ പി.എസ്.ജി ട്രബ്ൾ കിരീട നേട്ടത്തിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് പാരീസിയന്മാർ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും അണിനിരന്നിട്ടും കൈവരിക്കാനാകാത്ത നേട്ടമാണ് പി.എസ്.ജി ഡെംബലെയിലൂടെ എത്തിപിടിച്ചത്. ബ്രസീൽ ഇതിഹാസം റൊണാൾഡിനോയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ 28കാരൻ മാതാവിനും കുടുംബത്തിനും നന്ദി പറയുന്നുണ്ട്.
‘മാതാവിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എപ്പോഴും മാതാവ് എനിക്കൊപ്പം നിന്നു. എന്റെ കുടുംബത്തിന്, ഒരുപാട് വെല്ലുവിളികളിലൂടെയാണ് കുടുംബം കടന്നുപോയത്. അതെല്ലാം അതിജീവിച്ചു. എപ്പോഴും ഒരുമിച്ചായിരിക്കും’ -ഡെംബലെ പറഞ്ഞു. 33 ഗോളും 13 അസിസ്റ്റുമായി നിറഞ്ഞാടിയ താരത്തിന്റെ ചിറകേറി പാരിസിയന്മാർ ലിഗ് വൺ കിരീടത്തിൽ മുത്തമിട്ടിരുന്നു. ഗോൾഡൻ ബൂട്ടിനുടമയും ചാമ്പ്യൻസ് ലീഗിന്റെ താരവുമായി സീസൺ ഗംഭീരമാക്കിയ ഡെംബലെ ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ടു ഗോളും ആറ് അസിസ്റ്റും കുറിച്ചു.
ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ് പോലുള്ള വമ്പന്മാർക്കെതിരെ നേടിയ ഗോളുകൾ ടീമിനെ വിജയിപ്പിക്കുന്നതിൽ ചെറുതായൊന്നുമല്ല സഹായിച്ചത്. വനിതകളിൽ ബാലൻ ദി ഓർ ഹാട്രിക് മികവോടെ ബാഴ്സയുടെ സ്പാനിഷ് താരം ഐറ്റാന ബോൻമാറ്റിക്കാണ്. പരിശീലകർക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം പി.എസ്.ജി പരിശീലകൻ ലൂയിസ് എന്റിക്വിനാണ്. ടീമിനെ ചാമ്പ്യൻസ് ട്രോഫിയിലും ലിഗ് വണ്ണിലും ഫ്രഞ്ച് കപ്പിലും ജേതാക്കളാക്കിയതിനായിരുന്നു ആദരം. ഹാൻസി ഫ്ലിക്ക്, ആർനെ സ്ലോട്ട് എന്നിവരാണ് പിന്തള്ളപ്പെട്ടവരിൽ ചിലർ. വനിതകളിൽ ഇതേ പുരസ്കാരം ഇംഗ്ലണ്ട് പരിശീലക സരിന വീഗ്മാനാണ്.
മികച്ച ടീമായും പി.എസ്.ജി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. സമാനതകളില്ലാത്ത കിരീടനേട്ടങ്ങളുമായി സീസൺ തങ്ങളുടെതാക്കിയായിരുന്നു ടീം നമ്പർ വൺ ആയത്. മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി മാഞ്ചസ്റ്റർ സിറ്റി കാവൽക്കാരൻ ജിയാൻലൂജി ഡോണറുമ്മക്കാണ്. വനിതകളിൽ ചെൽസിയുടെ ഹന്ന ഹാംപ്ടണും ജേതാവായി. ഏറ്റവും മികച്ച സ്ട്രൈക്കറെ ആദരിക്കുന്ന ഗേർഡ് മുള്ളർ പുരസ്കാരം ഗണ്ണേഴ്സിന്റെ സ്വീഡിഷ് താരം വിക്ടർ ഗ്യോകറസിനാണ്. വനിതകളിൽ ഇവ പാജോറും തെരഞ്ഞെടുക്കപ്പെട്ടു.