മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ ക്ലബിലേക്ക് തിരിച്ച് വരുമെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസം മുൻപ് ഡി ഗിയ സോഷ്യൽ മീഡിയയിൽ ഒരു വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഈ ചർച്ചകൾ സജീവമായത്. ഓൾഡ് ട്രാഫോർഡ് എന്റെ വീടാണ്, നമ്മുടെ വഴികൾ വീണ്ടും കൂട്ടിമുട്ടാം’ എന്നായിരുന്നു ഡി ഗിയയുടെ കുറിപ്പ്. ഇത് ക്ലബ്ബ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി.
ഡി ഗിയയെ തിരിച്ച് കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രഹസ്യ നീക്കങ്ങൾ തുടങ്ങിയതായി പ്രമുഖ മാധ്യമമായ ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫിയോറന്റീനയുടെ താരമായ ഡി ഗിയയുടെ റിലീസ് ക്ലോസിനെക്കുറിച്ച് യുണൈറ്റഡ് അന്വേഷണം നടത്തിയതായാണ് വിവരം. കുറഞ്ഞ തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ ഇത് സഹായിക്കുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ.
കഴിഞ്ഞയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന സൗഹൃദമത്സരത്തിൽ ഡി ഗിയയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. മത്സരത്തിന് ശേഷം മുൻ സഹതാരം ബ്രൂണോ ഫെർണാണ്ടസിൽ നിന്ന് ഡി ഗിയ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തു.
അതേസമയം, യുണൈറ്റഡിന്റെ നിലവിലെ ഗോൾകീപ്പർ ആന്ദ്രേ ഒനാനയുടെ സ്ഥാനം ഇപ്പോൾ ഭീഷണിയിലാണ്. കഴിഞ്ഞ സീസണിൽ വലിയ തുകയ്ക്ക് ടീമിലെത്തിയ ഒനാനയുടെ പ്രകടനം ആരാധകർക്ക് നിരാശ നൽകിയിരുന്നു. പരിക്കിനെ തുടർന്ന് അടുത്തിടെയാണ് ഒനാന ടീമിൽ തിരിച്ച് എത്തിയത്. ടീമിലെ എല്ലാ കളിക്കാരും സ്ഥാനം ഉറപ്പിക്കാൻ മത്സരിക്കണമെന്ന് പരിശീലകൻ റൂബൻ അമോറിം പറഞ്ഞു.
പുതിയ ഗോൾകീപ്പർമാരെ ടീമിലെത്തിക്കാൻ യുണൈറ്റഡ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും ഡി ഗിയയുടെ തിരിച്ചുവരവിന് സാധ്യത കൂട്ടുന്നു. കഴിഞ്ഞ ഒരു വർഷം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ശേഷം ഫിയോറന്റീനയിൽ മികച്ച ഫോം വീണ്ടെടുത്ത ഡി ഗിയയുടെ പരിചയസമ്പത്ത് യുണൈറ്റഡിന് ഗുണം ചെയ്യും. ഡി ഗിയ തിരിച്ച് വരുമെങ്കിൽ ഒനാനയെയോ അൽതായ് ബെയ്ന്ദിറിനെയോ യുണൈറ്റഡ് ഒഴിവാക്കേണ്ടിവരും.