പോർചുഗൽ ലോകകപ്പിന്, ചരിത്രത്തിലേക്ക് ക്രിസ്റ്റ്യാനോ; അർമേനിയ വലനിറച്ച് പറങ്കിപ്പട (9-1)

പോർട്ടോ: ഫിഫ ലോകകപ്പിന് വീണ്ടും ടിക്കറ്റെടുത്ത് പോർചുഗൽ. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളിന് മുക്കിയാണ് പറങ്കിപ്പട കടന്നത്. സസ്പെൻഷനിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർചുഗലിനായി ബ്രൂണോ ഫെർണാണ്ടസും ജാവോ നെവസും ഹാട്രിക് നേടി. ആറ് മത്സരങ്ങളിൽ നാല് ജയവും ഓരോ സമനിലയും തോൽവിയുമായി 13 പോയന്റാണ് സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഹംഗറി (8) അയർലൻഡ് റിപബ്ലിക്കിനോട് 2-3ന് പരാജയപ്പെടുക‍യും ചെയ്തു.

ആറ് ലോകകപ്പുകളിൽ കളിക്കുകയെന്ന ചരിത്രനേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ക്രിസ്റ്റ്യാനോ. 2026 ലോകകപ്പിൽ ക്രിസ്റ്റ്യാനോയും അർജന്റീന ഇതിഹാസം ലയണൽ മെസ്സിയും ഇറങ്ങിയാൽ ഈ റെക്കോഡ് ഇരുവരും പങ്കിടും. അയർലൻഡിനെതിരായ കളിയിൽ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്നാണ് 40കാരൻ ക്രിസ്റ്റ്യാനോ ടീമിന് പുറത്തായത്. 45+3 (പെനാൽറ്റി), 51, 72 (പെനാൽറ്റി) മിനിറ്റുകളിലായിരുന്നു ഫെർണാണ്ടസിന്‍റെ ഗോളുകൾ. 30, 41, 81 മിനിറ്റുകളിൽ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോൺസാലോ റാമോസ് (28), ഫ്രാൻസിസ്‌കോ കോൺസെയ്‌സോ (90+2) എന്നിവാണ് മറ്റു ഗോൾസ്‌കോറർമാർ. അർമേനിയക്കായി എഡ്വാർഡ് സ്‌പെർട്‌സിൻ (18) ആശ്വാസ ഗോൾ നേടി.

സ്വന്തം തട്ടകത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച പറങ്കിപ്പട ഏഴാം മിനിറ്റിൽ തന്നെ ലീഡെടുത്തു. 18ാം മിനിറ്റിൽ അർമേനിയ സമനില പിടിച്ചതോടെ മത്സരം ആവേശമായി. സന്ദർശകർ പൊരുതി നിൽക്കുമെന്ന് തോന്നിച്ചെങ്കിലും അധികം വൈകാതെ ഒന്നിനു പുറകെ ഒന്നായി പോർചുഗൽ അർമേനിയയുടെ വല നിറക്കുന്നതാണ് കണ്ടത്. 28ാം മിനിറ്റിൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റാമോസിലൂടെ പറങ്കിപ്പട വീണ്ടും മുന്നിലെത്തി. രണ്ട് മിനിറ്റിനകം നെവസും വലകുലുക്കി. 41ാം മിനിറ്റിൽ താരം വീണ്ടും ലക്ഷ്യം കണ്ടു.

ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഫെർണാണ്ടസ് വലയിലാക്കി. 5-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിലും ആതിഥേയർ കളിയിലെ മേധാവിത്വം തുടർന്നു. നാലു ഗോളുകൾ കൂടി അർമേനിയയുടെ വലയിലെത്തിച്ചു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 9-1. തുടർച്ചയായി ഏഴാം തവണയാണ് പോർചുഗൽ ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിലെ ആദ്യ മത്സരവും ക്രിസ്റ്റ്യാനോക്ക് നഷ്ടമാവാൻ സാധ്യതയുണ്ട്.

ടിക്കറ്റിനരികെ സ്പെയിൻ

ടിബിലിസി (ജോർജിയ): മുൻ ചാമ്പ്യന്മാരായ സ്പെയിൻ 2026 ഫിഫ ലോകകപ്പ് യോഗ്യതക്കരികെ. ഗ്രൂപ് ഇ-യിലെ അഞ്ചാം മത്സരത്തിൽ ജോർജിയയെ മറുപടിയില്ലാത്ത നാല് ഗോളിന് തോൽപിച്ചു ഇവർ. മൈക്കൽ ഒയർസബൽ (11ാം മിനിറ്റിൽ പെനാൽറ്റി, 63), മാർട്ടിൻ സുബിമെൻഡി (22), ഫെറാൻ ടോറസ് (34) എന്നിവരായിരുന്നു സ്കോറർമാർ.

അഞ്ചും ജയിച്ച സ്പെയിനിന് 15 പോയന്റായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ തുർക്കിയയുമായാണ് അവസാന മത്സരം. 12 പോയന്റുള്ള തുർക്കിയയോട് തോറ്റാലും നിലവിലെ സാഹചര്യത്തിൽ സ്പാനിഷ് പടക്ക് ആശങ്കയില്ല. ഇതുവരെ ഒരു ഗോൾപോലും വഴങ്ങാത്ത ടീം 19 എണ്ണം അടിച്ചിട്ടുണ്ട്. ഈ ഗോൾ വ്യത്യാസം മറികടക്കാൻ ഏഴ് ഗോളിനെങ്കിലും എതിരാളികൾ ജയിക്കണം. ബൾഗേറിയയെ 2-0ത്തിന് തോൽപിച്ചാണ് തുർക്കിയ പോയന്റ് ഉയർത്തിയത്.



© Madhyamam