ഇസ്തംബൂൾ: പ്രശസ്ത കോച്ച് ഹോസെ മൗറിന്യോയെ പുറത്താക്കി തുർക്കി ക്ലബായ ഫിനർബാഷെ. ചാമ്പ്യൻസ് ലീഗ് േപ്ല ഓഫിൽ പോർചുഗീസ് ക്ലബായ ബെൻഫിക്കയോട് 1-0ത്തിന് തോറ്റ് പുറത്തിതായതിന് പിന്നാലെയാണ് മൗറിന്യോക്ക് സ്ഥാനം നഷ്ടമായത്.
മൗറിന്യോയും തങ്ങളും വഴിപിരിയുന്നതായി ഫിനർബാഷെ തന്നെയാണ് പ്രസ്താവനയിൽ അറിയിച്ചത്. ക്ലബിന് വേണ്ടി സേവനം ചെയ്ത 62കാരന് നന്ദി പറഞ്ഞ ഫെനർബാഷെ, ഭാവിജീവിതത്തിൽ എല്ലാ ആശംസയും നേർന്നു. മൗറിന്യോയെ തങ്ങൾ പുറത്താക്കിയതാണെന്ന് ക്ലബ് അധികൃതരിൽ ഒരാൾ പിന്നീട് ബി.ബി.സിയോട് വെളിപ്പെടുത്തി.
റയൽ മഡ്രിഡ്, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇന്റർമിലാൻ, പോർട്ടോ, ടോട്ടൻഹാം, എ.എസ്. റോമ എന്നിവയടക്കം യൂറോപ്പിലെ മുൻനിരക്കാരായ പത്തു ക്ലബുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട് മൗറിന്യോക്ക്. തുർക്കി ലീഗിൽ ഫെനർബാഷെയെ രണ്ടാമതെത്തിച്ചെങ്കിലും വിവാദങ്ങൾക്കൊപ്പം കൂട്ടുകൂടിയ കാലമായിരുന്നു മൗറിന്യോയുടേത്.
ഫെബ്രുവരിയിൽ ഫെനർബാഷെക്കെതിരായ ഗോൾരഹിത സമനിലക്കുപിന്നാലെ മൗറിന്യോയുമായി ഗാലറ്റസരായ് ക്ലബ് കടുത്ത അമർഷവുമായെത്തി. എതിർകോച്ച് വംശീയ പരാമർശം നടത്തിയെന്നും ക്രിമിനൽ നടപടികൾക്ക് തങ്ങൾ മുതിരുമെന്നുമായിരുന്നു ലീഗിൽ ചാമ്പ്യന്മാരായ ഗാലറ്റസരായുടെ പ്രതികരണം. എന്നാൽ, താൻ അത്തരത്തിൽ പരാമർശം നടത്തിയിട്ടില്ലെന്നു വാദിച്ച മൗറിന്യോ രണ്ടു മില്യൺ തുർക്കിഷ് ലിറ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഗാലറ്റസരായ്ക്കെതിരെ കേസ് കൊടുത്തു.
ഗാലറ്റസരായ്ക്കെതിരായ മത്സരശേഷം റഫറിമാർക്കെതിരായ പരാമർശത്തിന് നാലു മത്സരങ്ങളിൽ വിലക്കുമെത്തി. ഇത് പിന്നീട് രണ്ടു മത്സരങ്ങളാക്കി കുറച്ചു. ചാമ്പ്യൻസ് ലീഗിൽനിന്ന് ടീം പുറത്തായതോടെ വിഖ്യാത കോച്ചുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തുർക്കി ക്ലബ് തീരുമാനിക്കുകയായിരുന്നു
റോമയിൽനിന്ന് 2024ലാണ് മൗറിന്യോ ഫെനർബാഷെയിലെത്തുന്നത്. 2000ൽ ബെൻഫിക്കയെ പരിശീലിപ്പിച്ചാണ് കോച്ചിങ് കരിയറിന്റെ തുടക്കം. 2010-2013 സീസണുകളിൽ റയൽ മഡ്രിഡിനെയും 2016-2018 സീസണുകളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും പരിശീലിപ്പിച്ചു.