റയൽ മാഡ്രിഡിലേക്ക് ജോസ് മൗറീഞ്ഞോ മടങ്ങിയെത്തുമോ? നീക്കങ്ങൾ സജീവമാക്കി ക്ലബ്ബ്
ബെൻഫിക്കയുടെ നിലവിലെ മാനേജരായ ജോസ് മൗറീഞ്ഞോയെ വീണ്ടും റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരാൻ ക്ലബ്ബ് ആലോചിക്കുന്നതായി റിപ്പോർട്ട്. മാധ്യമപ്രവർത്തകനായ റാമോൺ അൽവാരസ് ഡി മോൺ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
റയൽ മാഡ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടറും ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ സഹോദരനുമായ എൻറിക് പെരസാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. സാന്തിയാഗോ ബെർണബ്യൂവിലേക്ക് പോർച്ചുഗീസ് പരിശീലകനെ തിരികെ എത്തിക്കുന്നതിനായി ഏറ്റവും ശക്തമായി വാദിക്കുന്നത് എൻറിക് പെരസാണ്.
2010 മുതൽ 2013 വരെ റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ച മൗറീഞ്ഞോ, അക്കാലത്ത് ബാഴ്സലോണയുടെ ആധിപത്യം തകർത്ത് മൂന്ന് ട്രോഫികൾ ക്ലബ്ബിന് നേടിക്കൊടുത്തിരുന്നു. ഇതിൽ റെക്കോർഡ് നേട്ടത്തോടെയുള്ള ലാ ലിഗ കിരീടവും ഉൾപ്പെടുന്നു.
ഈ മടങ്ങി വരവിനെ പലരും ഗൃഹാതുരമായ ഒരു നീക്കമായി കാണുമ്പോൾ, 2026/27 സീസണിൽ ടീമിന് വേണ്ടത് മൗറീഞ്ഞോയുടെ അച്ചടക്കവും തന്ത്രങ്ങളുമാണെന്ന് എൻറിക് പെരസ് വിശ്വസിക്കുന്നു. പോർച്ചുഗലിലെ ലിസ്ബൺ വിട്ട് ഈ പ്രശസ്ത പരിശീലകൻ സ്പാനിഷ് തലസ്ഥാനത്തേക്ക് രണ്ടാമതും എത്തുമോ എന്നതാണ് ഈ വേനൽക്കാലത്തെ ഏറ്റവും വലിയ ചോദ്യം.
