
അഹമ്മദാബാദ്: ഐ.പി.എൽ ഫൈനലിലെ അച്ചടക്ക ലംഘനത്തെ തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വെടിക്കെട്ട് ബാറ്റർ ടിം ഡേവിഡിന് വിലക്ക്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിനിടെ അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞതിനാണ് താരത്തിന് 2027 ഐ.പി.എൽ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് വിലക്കേർപ്പെടുത്തിയത്.
ഫൈനലിൽ ഗുജറാത്ത് ഇന്നിങ്സിന്റെ പത്താം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ ജോർദാൻ കോക്സിനെതിരായ ക്യാച്ച് അപ്പീൽ അമ്പയർ തള്ളിയതോടെ ഡേവിഡ് രോഷാകുലനായി. തുടർന്ന് കയ്യിലുണ്ടായിരുന്ന ഐസ് ബാഗ് അമ്പയർക്ക് നേരെ എറിയുകയായിരുന്നു. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ 2.9 വകുപ്പ് പ്രകാരം താരത്തിന്റേത് ലെവൽ 1 കുറ്റമാണെന്ന് കണ്ടെത്തി. മത്സരത്തിനിടെ കളിക്കാർക്കോ, ടീം ഒഫീഷ്യലുകൾക്കോ, അമ്പയർമാർക്കോ, മാച്ച് റഫറിക്കോ നേരെ പന്തോ മറ്റ് ക്രിക്കറ്റ് സാമഗ്രികളോ (വാട്ടർ ബോട്ടിൽ, ഐസ് ബാഗ് തുടങ്ങിയവ) അപകടകരമായ രീതിയിൽ എറിയുന്നത് തടയുന്നതാണ് ഈ ചട്ടം. മാച്ച് റഫറി ജവഗൽ ശ്രീനാഥാണ് ശിക്ഷ വിധിച്ചത്.
മത്സര ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡെമെറിറ്റ് പോയിന്റുമാണ് താരം നേരിട്ട ശിക്ഷ. ഇതോടെ കഴിഞ്ഞ 36 മാസത്തിനിടെ ഡേവിഡിന്റെ ആകെ ഡെമെറിറ്റ് പോയിന്റുകൾ അഞ്ചായി. ചട്ടപ്രകാരം അഞ്ച് പോയിന്റുകൾ തികഞ്ഞതോടെയാണ് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വന്നത്. ഈ സീസണിൽ നേരത്തെ മുംബൈ ഇന്ത്യൻസിനെതിരായ രണ്ട് മത്സരങ്ങളിലും താരത്തിന് ഡെമെറിറ്റ് പോയിന്റുകൾ ലഭിച്ചിരുന്നു.
അതേസമയം, ആവേശകരമായ ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആർ.സി.ബി കിരീടം നിലനിർത്തി. 2025-ൽ കിരീടം നേടിയ ബംഗളൂരുവിന്റെ രണ്ടാം ഐ.പി.എൽ കിരീടമാണിത്. ഫൈനലിലെ പെരുമാറ്റദൂഷ്യം തിരിച്ചടിയായെങ്കിലും സീസണിലുടനീളം മികച്ച പ്രകടനമാണ് ഡേവിഡ് കാഴ്ചവെച്ചത്. 188.27 സ്ട്രൈക്ക് റേറ്റിൽ 305 റൺസ് താരം സീസണിൽ അടിച്ചുകൂട്ടി. അടുത്ത സീസണിൽ ഏത് ടീമിന് വേണ്ടിയാണോ താരം കളത്തിലിറങ്ങുക, ആ ടീമിന്റെ ആദ്യ മത്സരം ഡേവിഡിന് നഷ്ടമാകും.
