ചരിത്രം കുറിച്ച് സലാഹ്, ലിവർപൂൾ വിജയവഴിയിൽ; കുതികുതിച്ച് ആഴ്സനൽ, ടോട്ടനത്തെ വീഴ്ത്തി ചെൽസി

ലണ്ടൻ: എതിർ വലക്കണ്ണികളുടെ തിരയിളക്കത്തിൽ പുതിയ ചരിത്രമെഴുതി മുഹമ്മദ് സലാഹ്. തങ്ങളുടെ സൂപ്പർ താരം ഫോമിലേക്കുയർന്ന രാത്രിയിൽ പരാജയപരമ്പരകളുടെ നാണക്കേടിൽനിന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തി ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് ലിവർപൂളിന്റെ ചെങ്കുപ്പായക്കാർ വിജയാരവങ്ങളിൽ തിരിച്ചെത്തിയത്.

പ്രീമിയർ ലീഗിൽ തുടർച്ചയായ നാലു തോൽവികളുടെ അപമാനഭാരവുമായാണ് ലിവർപൂൾ ആൻഫീൽഡിലെ പുൽത്തകിടിയിലിറങ്ങിയത്. വില്ലക്കെതിരെ തോറ്റിരുന്നെങ്കിൽ 1953നുശേഷം ആദ്യമായി തുടരെ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങൾ ​തോറ്റ നാണക്കേടിനൊപ്പം ഇടംപിടിച്ചേനേ. ഇരുടീമും ഒപ്പത്തിനൊപ്പം പൊരുതിയ ആവേശകരമായ മത്സരത്തിനൊടുവിൽ ജയിച്ചുകയറിയത് നിലവിലെ ചാമ്പ്യന്മാർക്ക് ഏറെ ആശ്വാസം പകർന്നു. നവംബർ നാലിന് ചാമ്പ്യൻസ് ലീഗിൽ കരുത്തരായ റയൽ മഡ്രിഡുമായി കൊമ്പുകോർക്കുന്നതിനു മുമ്പ് അനിവാര്യമായ ആത്മവിശ്വാസവുമായി. തന്റെ പുറത്താകലിനടക്കം ആരാധകർ മുറവിളി കൂട്ടുന്ന സമയത്തെ ജയം കോച്ച് ആർനേ സ്​ലോട്ടിനും വലിയ പിടിവള്ളിയായി.

ആസ്റ്റൺ വില്ലയുടെ പിഴവുകളാണ് മത്സരത്തിൽ ഇരുവട്ടം വല കുലുക്കാൻ ലിവർപൂളിനെ തുണച്ചത്. ഇരുനിരയും ഫിനിഷിങ്ങിൽ വീഴ്ച വരുത്തിയ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സലാഹിന്റെ ഗോൾ. ഈ ഗോളിന്റെ ​‘ക്രെഡിറ്റ്’ ആസ്റ്റൺ വില്ലയുടെ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസിനായിരുന്നു. അർജന്റീനയുടെ ലോകചാമ്പ്യനായ ഗോളി ബോക്സിൽനിന്ന് സഹതാരത്തിന് തട്ടിനീക്കിയ പന്ത് ലക്ഷ്യം തെറ്റിയെത്തിയത് സലാഹിന്റെ കാലിൽ. 33കാരനായ ഈജിപ്ഷ്യൻ സ്ട്രൈക്കർ കൗശലപൂർവം പന്ത് നിലംപറ്റെ വലയിലേക്ക് തള്ളി.

സലാഹ് @276, @250

വില്ലക്കെതിരായ ഗോൾനേട്ടത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമെന്ന റെക്കോർഡിനൊപ്പമെത്തി സലാഹ്. 276 ഗോളുകളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനുവേണ്ടി കൈയൊപ്പു ചാർത്തിയ വെയ്ൻ റൂണിയുടെ റെക്കോർഡിനൊപ്പം ഇനി സലാഹും. 188 ഗോളുകളും 88 അസിസ്റ്റും അടക്കമാണിത്. ഇതിനുപുറമെ എല്ലാ മത്സരങ്ങളിൽനിന്നുമായി ലിവർപൂളിനുവേണ്ടി സലാഹിന്റെ ഗോൾനേട്ടം 250 തികഞ്ഞു. ഇയാൻ റഷിനും റോജർ ഹണ്ടിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ലിവർപൂൾ താരമെന്ന വിശേഷണം സ്വന്തമായി.

58-ാം മിനിറ്റിൽ മിഡ്ഫീൽഡർ റ്യാൻ ​ഗ്രാവൻ​ബെർക്കിന്റെ 20 വാര അകലെനിന്നുള്ള ഷോട്ട് വില്ല ഡിഫൻഡർ പോ ടോറസിന്റെ കാലുകളിൽതട്ടി വലയിലേക്ക് പാഞ്ഞുകയറിയപ്പോൾ മാർട്ടിനെസി​ന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ 10 കളികളിൽ 18 പോയന്റുമായി ലിവർപൂൾ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 25 പോയന്റുമായി ആഴ്സനലാണ് ഒന്നാം സ്ഥാനത്ത്. ഒമ്പതു കളികളിൽ 18 പോയന്റുള്ള ബേൺസ്മൗത്ത് രണ്ടാം സ്ഥാനത്തുണ്ട്.

ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടനത്തിനെതിരെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചുകയറി. എവേ മത്സരത്തിന്റെ 34-ാം മിനിറ്റിൽ ജാവോ പെഡ്രോയാണ് നീലക്കുപ്പായക്കാർക്കായി ലക്ഷ്യം നേടിയത്. ജയിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തെത്താമായിരുന്ന സുവർണാവസരമാണ് ടോട്ടനം കളഞ്ഞുകുളിച്ചത്. 10 കളികളിൽ 17 പോയന്റുമായി നാലാമതാണിപ്പോൾ.

ബേൺലിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകളുടെ ജയവുമായാണ് ആഴ്സനൽ പടയോട്ടം തുടർന്നത്. ആദ്യപകുതിയിൽ വിക്ടർ ഗ്യോകെറെസും ഡെക്‍ലാൻ റൈസുമാണ് സ്കോറർമാർ.

മറ്റൊരു കളിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡും നോട്ടിങ് ഹാം ഫോറസ്റ്റും 2-2ന് സമനിലയിൽ പിരിഞ്ഞു. കാസമിറോയുടെ ഹെഡർ ഗോളിൽ മുന്നിലെത്തിയ യുനൈറ്റഡിനെതിരെ മോർഗാൻ ഗിബ്സ് വൈറ്റും നിക്കോ​ളോ സവോനയും വല കുലുക്കിയപ്പോൾ നോട്ടിങ്ഹാംഷയറിലെ സിറ്റി ഗ്രൗണ്ടിൽ ആതിഥേയർ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, 81-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് അമാദ് ദി​യാലോയുടെ കിടിലൻ ലോങ് റേഞ്ചർ വലതുളഞ്ഞു കയറിയതോടെ മാഞ്ചസ്റ്ററുകാർക്ക് വിലപ്പെട്ട ഒരു പോയന്റ് സ്വന്തമായി. ബ്രൈറ്റൺ ഏകപക്ഷീയമായ മൂന്നുഗോളുകൾക്ക് ലീഡ്സ് യുനൈറ്റഡിനെ തകർത്തപ്പോൾ ഫുൾഹാം ​അതേ സ്കോറിന് വോൾവ്സിനെയും തറപറ്റിച്ചു.



© Madhyamam