അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബാൾ കിരീടം ചൂടിയ കേരള ടീം മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം
തിരുവനന്തപുരം: ‘ഞങ്ങളുടെ വിജയം പൂർണമാക്കിത്തന്നത് മന്ത്രിയാണ്. ട്രെയിൻ ടിക്കറ്റ് കൺഫേം ആക്കിത്തരാമോയെന്ന് ചോദിച്ചപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് തന്നെ ശരിയാക്കിത്തന്നു.
ശ്രീനഗറിൽ നിന്നുള്ള മടക്കയാത്ര ശരിക്കും ആഘോഷമാക്കി’-അണ്ടർ 19 ആൺകുട്ടികളുടെ ദേശീയ സ്കൂൾ ഫുട്ബാൾ കിരീടം ചൂടിയ കേരള ടീം ക്യാപ്റ്റൻ അദ്വൈത് മടക്കയാത്രയുടെ ആവേശം പ്രകടമാക്കി.
കിരീടനേട്ടവുമായി എത്തിയ ടീമിന് മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ ഒരുക്കിയ സ്വീകരണത്തിലാണ് ക്യാപ്റ്റനും ടീമംഗങ്ങളും സന്തോഷം പങ്കുവെച്ചത്.
സ്വർണക്കപ്പുമായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ടീം നേരെ മന്ത്രിയുടെ വസതിയിലെത്തുകയായിരുന്നു. കുട്ടികൾക്ക് മധുരം നൽകി മന്ത്രി സ്വീകരിച്ചു. ടീം മന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടർച്ചയായി ആറ് മത്സരങ്ങളും വിജയിച്ച് ഫൈനലിൽ മേഘാലയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്.