സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം.
ചിലി വേദിയാവുന്ന കൗമാര ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ വലിയിൽ മൂന്ന് ഗോളുകൾ അടിച്ചുകയറ്റിയാണ് അർജന്റീനയുടെ വിജയം. ഗ്രൂപ്പ് ‘ഡി’യിൽ 3-1നായിരുന്നു അർജന്റീന കളി ജയിച്ചത്. ജർമൻ ബുണ്ടസ് ലിഗ ക്ലബ് ബയർലെവർകൂസൻ താരമായ അലിയോ സാർകോ ഇരട്ട ഗോളും, റിവർേപ്ലറ്റ് താരം ഇയാൻ മാർടിൻ സുബിയാബ്രെ ഒരു ഗോളും നേടി വിജയത്തിന് അടിത്തറ പാകി.
അതേസമയം, ‘ഗ്രൂപ്പ് സി’മത്സരത്തിൽ ബ്രസീലിനെ മെക്സികോ 2-2ന് സമിനലയിൽ തളച്ചു.
ഒക്ടോബർ 19 വരെ നീണ്ടു നിൽക്കുന്ന ഫിഫ കൗമാര ലോകകപ്പിൽ 24 ടീമുകളാണ് മാറ്റുരക്കുന്നത്. ചിലിയിലെ നാല് നഗരങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. 2023ൽ അർജന്റീനയിൽ നടന്ന യൂത്ത് ലോകകപ്പിൽ ഉറുഗ്വായ് ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ഇറ്റലിയെ വീഴ്ത്തി.