മാഞ്ചസ്റ്റർ യുണൈറ്റഡ് – നോട്ടിംഗ്ഹാം ഫോറസ്റ്റ് മത്സരം: മാത്യൂസ് കുഞ്ഞയുടെ ഗോൾ നിർണായകമായത് എങ്ങനെ?


മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ മാത്യൂസ് കുൻഹ നേടിയ വിവാദ ഗോൾ അനുവദിച്ചതിന് പിന്നിലെ കാരണം വ്യക്തമായി. ബ്രയാൻ എംബ്യൂമോയുടെ കൈയിൽ പന്ത് തട്ടിയ സംഭവം നിലവിലെ ഹാൻഡ്‌ബോൾ നിയമങ്ങൾ പ്രകാരം അവിചാരിതമായി കണക്കാക്കിയതിനാലാണ് ഗോൾ അനുവദിച്ചത്.

ഡിയോ​ഗോ ഡാലോട്ടിന്റെ ക്രോസിനിടെ പന്ത് നിയന്ത്രിക്കാൻ ശ്രമിക്കവേയാണ് എംബ്യൂമോയുടെ കൈയിൽ പന്ത് അബദ്ധത്തിൽ തട്ടിയത്. പന്ത് തെറിച്ചു വീണ അവസരം മുതലെടുത്ത് കുൻഹ ഗോൾ കണ്ടെത്തുകയായിരുന്നു. മാത്യു ഡൊണോഹ്യൂവിന്റെ നേതൃത്വത്തിൽ നടന്ന വി.എ.ആർ പരിശോധനയ്ക്ക് ശേഷം റഫറി മൈക്കൽ സാൽസ്ബറി പിച്ച്‌സൈഡ് മോണിറ്ററിൽ സംഭവം പരിശോധിച്ചു. “ഹാൻഡ്‌ബോൾ അബദ്ധത്തിൽ സംഭവിച്ചതാണ്, അതിനാൽ ഗോൾ അനുവദിക്കുന്നു” എന്ന് റഫറി പിന്നീട് വിശദീകരിച്ചു.

ഐ.എഫ്.എ.ബി (IFAB) നിയമപ്രകാരം, നിയമം 12-ൽ പറയുന്നത് പ്രകാരം അബദ്ധത്തിൽ പന്ത് കൈയിൽ തട്ടുന്നത് ഒരു കുറ്റമല്ല. ഹാൻഡ്‌ബോൾ സംഭവിച്ച കളിക്കാരനല്ല, മറിച്ച് സഹതാരമാണ് ഗോൾ നേടിയതെങ്കിൽ അത് അനുവദനീയമാണ്. ഒരുപക്ഷേ എംബ്യൂമോ തന്നെയായിരുന്നു ഗോൾ നേടിയതെങ്കിൽ അത് നിഷേധിക്കപ്പെടുമായിരുന്നു. എന്നാൽ കുൻഹ ഗോൾ പൂർത്തിയാക്കിയതിനാൽ അത് സാധുവായ ഗോളായി കണക്കാക്കി. ഈ തീരുമാനം ആരാധകർക്കിടയിലും ഫുട്ബോൾ വിദഗ്ധർക്കിടയിലും വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

© Madhyamam