കാത്തിരിപ്പിന് ഒടുവിൽ അർജുൻ തെണ്ടുൽക്കർ ലക്നൗ ജേഴ്സിയിൽ; മുംബൈയിൽ നിന്ന് മാറിയ ശേഷം ആദ്യ മത്സരം പഞ്ചാബിനെതിരെ



ലക്നൗ: സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറുടെ ഐ.പി.എൽ 2026 സീസണിലെ കാത്തിരിപ്പിന് വിരാമം. ഈ സീസണിൽ ലക്നൗ സൂപ്പർ ജാന്റ്സിന്റെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ അർജുൻ തെണ്ടുൽക്കർ അരങ്ങേറ്റം കുറിച്ചു. മുംബൈ ഇന്ത്യൻസ് താരമായിരുന്ന അർജുൻ തെണ്ടുൽക്കറെ ഈ സീസണിന് മുന്നോടിയായാണ് ലക്നൗ സൂപ്പർ ജാന്റ്സ് ട്രേഡിങ്ങിലൂടെ തങ്ങളുടെ ടീമിലെത്തിച്ചത്. മുമ്പ് മുംബൈ ഇന്ത്യൻസിനായി 2023ലും 2024ലുമായി അഞ്ച് മത്സരങ്ങൾ കളിച്ച അർജുൻ മൂന്ന് വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഈ സീസണിൽ പ്ലേ ഓഫ് കാണാതെ ലഖ്‌നൗ സൂപ്പർ ജാന്റ്സ് നേരത്തെ തന്നെ പുറത്തായിരുന്നു. ഇതേത്തുടർന്ന് അവസാന ഹോം മത്സരത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ക്യാപ്റ്റൻ ഋഷഭ് പന്തും മാനേജ്‌മെന്റും തീരുമാനിച്ചതാണ് അർജുന് വഴിത്തിരിവായത്. ലഖ്‌നൗവിന്റെ ശക്തമായ പേസ് നിരയിൽ അവസരങ്ങൾക്കായി ഏറെക്കാലമായി സൈഡ് ബെഞ്ചിലായിരുന്നു ഈ യുവതാരം. സോഷ്യൽ മീഡിയയിലൂടെ അർജുന്റെ മികച്ച പരിശീലന പ്രകടനങ്ങൾ ആരാധകർ നിരന്തരം കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് ലഖ്‌നൗ ജേഴ്‌സിയിൽ കളത്തിലിറങ്ങാൻ യോഗമുണ്ടായത്.ലക്നൗ ഏകാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ലക്നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിൽ അർജുൻ തെണ്ടുൽക്കറേയും അർഷിൻ കുൽക്കർണിയേയും ടീമിൽ ഉൾപ്പെടുത്തിയതായി ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ടോസ് വേളയിൽ വ്യക്തമാക്കി.

ലക്നൗവിന് ഈ മത്സരം അഭിമാനപ്രശ്നം മാത്രമാണെങ്കിൽ, പഞ്ചാബ് കിങ്സിന് ഇത് പ്രധാന പോരാട്ടമാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ പഞ്ചാബിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. അത്തരമൊരു സമ്മർദ്ദമേറിയ മത്സരത്തിലാണ് അർജുൻ തന്റെ പുതിയ ഫ്രാഞ്ചൈസിക്കായി പന്തെറിയാൻ ഒരുങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്ക് വേണ്ടി കളിക്കുന്ന അർജുൻ മികച്ച ഓൾറൗണ്ട് പ്രകടനമാണ് പുറത്തെടുക്കാറുള്ളത്.

ജോഷ് ഇംഗ്ലിസ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പൂരൻ, ആയുഷ് ബദോനി, ഋഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അബ്ദുൾ സമദ്, മുകുൾ ചൗധരി, അർജുൻ തെണ്ടുൽക്കർ, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ എന്നിവരാണ് ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ കളിക്കുന്ന ലക്നൗ സൂപ്പർ ജാന്റ്സ് ടീം താരങ്ങൾ.



© Madhyamam