ഇഞ്ചുറി ടൈമിൽ ബ്രുണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിൽ ഓൾട്രഫോഡിൽ നടന്ന പ്രീമിയർ ലീഗിൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം. 3-2 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ ബേൺലിക്കെതിരെ ജയിച്ച് കയറിയത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു. ഓൺ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ മുന്നിലെത്തിയത്.
27ാം മിനിറ്റി ബേൺലി താരം ജോഷ് കുള്ളന്റെ വകയായിരുന്നു മാഞ്ചസ്റ്ററിനുള്ള ഓൺ ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കസെമിറേ ഹെഡ് ചെയ്ത പന്ത് ക്രോസ്ബാറിൽ തട്ടി തിരിച്ചുവന്ന് കുള്ളന്റെ ശരീരത്തിൽ തട്ടി വലയിലാവുകയായിരുന്നു.
55ാം മിനിറ്റൽ ലയൽ ഫോസ്റ്ററിന്റെ ഗോളിൽ ബേൺലി ഒപ്പം പിടിച്ചു. എന്നാൽ, ബേൺലിയുടെ ഗോൾ സന്തോഷത്തിന് അധിക ആയുസുണ്ടായില്ല. ഡാലോട്ടിന്റെ പാസിൽ നിന്നും ബ്രയാൻ എംബ്യൂമോ ഒരു ഗോൾ നേടി മാഞ്ചസ്റ്ററിന് ലീഡ് നേടി. 66ാം മിനിറ്റിൽ ജെയ്ഡൺ ആന്റണി നേടിയ ഗോളിൽ ബേൺലി വീണ്ടും സമനില പിടിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് സ്റ്റേഡിയം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ജെയ്ഡൺ ആന്റണി അമദിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചത് വാർ പരിശോധനയിൽ പെനാൽറ്റി അനുവദിച്ചു. ബ്രൂണോ ഫെർണാണ്ടസ് പിഴവുകളില്ലാതെ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് മാഞ്ചസ്റ്ററിന് നിർണായക ജയം സമ്മാനിച്ചു. സീസണിലെ യുണൈറ്റഡിന്റെ ആദ്യ ജയമാണിത്.
ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റു; നാണംകെട്ട് മടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് പന്ത് തട്ടുന്ന മാഞ്ചസ്റ്റർ യുണറ്റൈഡിന് കനത്ത തിരിച്ചടിയായി ഇ.എഫ്.എൽ കപ്പിലെ ഗ്രിംസ്ബി ടൗണിനെതിരായ പരാജയം. സഡൻ ഡത്തിലാണ് നാലാം ഡിവിഷൻ ടീമിനോടുള്ള മാഞ്ചസ്റ്ററിന്റെ ഞെട്ടിക്കുന്ന പരാജയമുണ്ടായത്. ഇതോടെ ടൂർണമെന്റിൽ നിന്നും മാഞ്ചസ്റ്റർ പുറത്തായി. കളി തുടങ്ങി 22ാം മിനിറ്റിൽ തന്നെ ഗ്രിംസ്ബി ടൗൺ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു. 30ാം മിനിറ്റിൽ മാഞ്ചസ്റ്ററിന് ഗ്രിംസ്ബി ടൗൺ രണ്ടാമത്തെ പ്രഹരവുമേൽപ്പിച്ചു. ടയറെൽ വാരന്റെ ഗോളിൽ ടീം 2-0ത്തിന് മുന്നിലെത്തി.
എന്നാൽ, രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ തിരിച്ചടിച്ചു. 75ാം മിനിറ്റിൽ ബ്രയാൻ ബാവുമയിലൂടെയാണ് മാഞ്ചസ്റ്റർ ആദ്യ ഗോൾ നേടുന്നത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഹാരി മഗ്വയർ മാഞ്ചസ്റ്ററിനെ സമനിലയിലെത്തിച്ചു. ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീക്കി. ഇരു ടീമുകളും ആദ്യത്തെ രണ്ട് കിക്കുകളും പിഴവുകളില്ലാതെ വലയിലെത്തിച്ചു. എന്നാൽ, ഗ്രിംസ്ബിയുടെ മൂന്നാം കിക്ക് മാഞ്ചസ്റ്ററിന്റെ ഗോൾകീപ്പർ സേവ് ചെയ്തു. മൂന്നാം കിക്ക് വലയിലെത്തിച്ച് ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ മുന്നിലെത്തി.
എന്നാൽ, അഞ്ചാം കിക്കെടുത്ത മാഞ്ചസ്റ്ററിശന്റ മാത്യുസ് കുൻഹക്ക് പിഴച്ചതോടെ ഷൂട്ടൗട്ട് സമനിലയിലായി മത്സരം സഡൻ ഡത്തിലേക്ക് നീങ്ങി. സഡൻ ഡത്തിൽ മാഞ്ചസ്റ്ററിനായി കിക്കെടുത്ത ബാവുമക്ക് പിഴച്ചു. ഇതോടെ ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോൽവി വഴങ്ങി പുറത്തേക്ക് പോകേണ്ട ഗതികേടിലേക്ക് മാഞ്ചസ്റ്റർ എത്തി.
കഴിഞ്ഞ 65 വർഷത്തിനിടെ ഇ.എഫ്.എല്ലിൽ ഏറ്റവും മോശം പുറത്താകലാണ് മാഞ്ചസ്റ്ററിന് ഉണ്ടാവുന്നത്. ഇതുവരെ ടൂർണമെന്റിൽ നാലാം ഡിവിഷൻ ക്ലബിനോട് മാഞ്ചസ്റ്റർ തോറ്റിട്ടില്ല. ആറ് തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇ.എഫ്.എൽ കപ്പിൽ മുത്തമിട്ടിട്ടുണ്ട്. 1991-92, 2005-2006, 2008-2009, 2009-2010, 2016-17, 2022-23 സീസണുകളിലാണ് മാഞ്ചസ്റ്റർ കിരീടം നേടിയത്.