ലണ്ടൻ: പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിക്ക് തകർപ്പൻ ജയം. മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) മാഞ്ചസ്റ്റർ സിറ്റി തകർത്തുവിട്ടത്.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇരട്ടഗോളടിച്ച് എർലിങ് ഹാലൻഡും ഹെഡറിലൂടെ ഗോളടിക്ക് തുടക്കമിട്ട ഫിൽ ഫോഡനുമാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച സിറ്റി 18ാം മിനിറ്റിൽ തന്നെ ആദ്യ ലക്ഷ്യം കണ്ടു. ഡോകുവിന്റെ ക്രോസിൽ പിഴവുകളില്ലാതെ ഹെഡറുതിർത്ത് ഫോഡൻ പന്ത് യുനൈറ്റഡിന്റെ വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ 53 ാം മിനിറ്റിലാണ് സിറ്റിയുടെ രണ്ടാമത്തെ ഗോളെത്തുന്നത്. ഡോകു തന്നെ വഴിയൊരുക്കിയ പാസിൽ ഹാലൻഡ് ലക്ഷ്യം കാണുകയായിരുന്നു (2-0). 68ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ പാസിൽ ഹാലൻഡ് തന്റെ രണ്ടാം ഗോളും അടിച്ചതോടെ (3-0) യൂനൈറ്റഡിന്റെ പതനം പൂർണമായി. ജയത്തോടെ സിറ്റി നാല് കളികളിൽ നിന്ന് ആറ് പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. നാല് കളിയിൽ ഒരു ജയം മാത്രമുള്ള യുനൈറ്റഡ് 14ാം സ്ഥാനത്താണ്.
ഇഞ്ചുറി ടൈമിൽ ജയം എത്തിപ്പിടിച്ച് ലിവർപൂൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമനില മുനമ്പിൽ ജയം പിടിച്ച് ലിവർപൂൾ. ബേൺലിയുടെ മൈതാനത്ത് നടന്ന കളിയിൽ ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാഹാണ് വിജയ ശിൽപിയായത്.
ബോക്‌സിനുള്ളിൽ വെച്ച്, ലിവർപൂളിന്റെ ഫ്ലോറിയൻ വിർട്സിനെ ഫൗൾ ചെയ്തതിന് റഫറി മൈക്കൽ ഒലിവർ പെനാൽറ്റി വിധിച്ചു. കിക്കെടുത്ത സലാഹ് ഡുബ്രാവ്കയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
84-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിനെ ഫൗൾ ചെയ്തതിന് ബർൺലിയുടെ ലെസ്ലി ഉഗുചുക്വു രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തായി. ഇതോടെ ബർൺലി 10 പേരായാണ് ബേൺലി കളിച്ചത്.
നാല് മത്സരങ്ങളും ജയിച്ച് 12 പോയന്റുമായി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട് ചെമ്പട. അതേസമയം, ചെൽസി-ബ്രെന്റ്ഫോർഡ് മത്സരം 2-2ൽ കലാശിച്ചു. കോൾ പാമർ (61), മോയിസെസ് കൈസെഡോ (85) എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്. കെവിന് ഷേഡ് (35), ഫാബിയോ കാർവാലോ (90+3) എന്നിവരാണ് ബ്രെന്റ്ഫോർഡിന്റെ സ്കോറർമാർ.