ലണ്ടൻ: മേഴ്സിസൈഡ് ഡെർബിയും ജയിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയയാത്ര തുടരുന്നു. സ്വന്തം കളിമുറ്റമായ ആൻഫീൽഡിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എവർട്ടനെ ചെമ്പട തോൽപിച്ചത്. ഇതോടെ അഞ്ചിൽ അഞ്ച് ജയിച്ച നിലവിലെ ചാമ്പ്യന്മാർ 15 പോയന്റുമായി പട്ടികയിൽ ഒന്നാംസ്ഥാനം സുരക്ഷിതമാക്കി.
കളി തുടങ്ങി ഒമ്പതാം മിനിറ്റിൽത്തന്നെ ഗോളെത്തി. മുഹമ്മദ് സലാഹിന്റെ ക്രോസ് ഒന്നാന്തരം ഹാഫ് വോളിയിലൂടെ റയാൻ ഗ്രാവൻബെർച്ച് വലയിലാക്കി. ആദ്യ അരമണിക്കൂറിനിടെ ആതിഥേയരുടെ രണ്ടാം ഗോളും. ഇക്കുറി ഹ്യൂഗോ എകിടികെയായിരുന്നു സ്കോറർ. ജോർഡൻ പിക്ക്ഫോർഡ്സും ഗ്രാവൻബെർച്ചും ചേർന്നൊരുക്കിയ അവസരമാണ് എകിടികെ ഉപയോഗപ്പെടുത്തിയത്. 58ാം മിനിറ്റിൽ ഇദ്രീസ് ഗ്യൂയെയിലൂടെ എവർട്ടന്റെ തിരിച്ചടി. എന്നാൽ, സമനിലക്കായുള്ള സന്ദർശകരുടെ പോരാട്ടം ഫലം കണ്ടില്ല.
മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 2-1ന് വെസ്റ്റ്ഹാമിനെയും ലീഡ്സ് യുനൈറ്റഡ് 3-1ന് വൂൾവ്സിനെയും പരാജയപ്പെടുത്തി. ബ്രൈറ്റണും ടോട്ടൻഹാം രണു ഗോളുകൾ വീതും നേടിയും ബേൺലി-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം ഒരു ഗോൾ വീതം നേടിയും സമനിലയിൽ പിരിഞ്ഞു.