ന്യൂയോർക്ക്: ലയണൽ മെസ്സിയും സ്പാനിഷ് താരം ജോർഡി ആൽബയും ചേർന്നുള്ള രസതന്ത്രമായിരുന്നു കഴിഞ്ഞ പതിറ്റാണ്ടിൽ കാൽപന്ത് ലോകം ഏറ്റവും ആസ്വദിച്ചത്. ബാഴ്സലോണയിലും പിന്നെ ഇന്റർ മയാമിയിലും ലയണൽ മെസ്സി ഗോളിലേക്ക് നീങ്ങുമ്പോൾ പന്തെത്തിച്ചു നൽകിയത് ഏറെയും ഇടതു ബാക്കിൽ നിന്നും കയറി വരുന്ന ജോർഡിയാകും.
ഒന്നര പതിറ്റാണ്ടിലേറെ നീണ്ടു നിന്ന പ്രഫഷണൽ ക്ലബ് ഫുട്ബാൾ അവസാനിപ്പിച്ച് ജോർഡി ആൽബ പടിയിറങ്ങുമ്പോൾ വലിയ നഷ്ടം ലയണൽ മെസ്സിക്കും, സൂപ്പർ താരത്തിന്റെ ഗോളടി കാത്തിരിക്കുന്ന ആരാധകർക്കുമാണെന്നതിൽ തർക്കമില്ല.
അന്താരാഷ്ട്ര ഫുട്ബാളിനു പിന്നാലെ ക്ലബ് ജഴ്സിയും അഴിച്ചു വെക്കുന്നുവെന്ന സ്പാനിഷ് താരം ജോർഡി ആൽബയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഈ വേദന പങ്കുവെച്ചുകൊണ്ട് സാക്ഷാൽ മെസ്സി തന്നെയെത്തി. ഇൻസ്റ്റഗ്രാമിൽ ജോർഡി ആൽബ പങ്കുവെച്ച വീഡിയോക്കു താഴെയായിരുന്നു ലയണൽ മെസ്സിയുടെ കമന്റ്.
‘ജോർഡി… ഏറെ നന്ദി. തീർച്ചയായും എനിക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യും. ഇത്രയധികം കാര്യങ്ങൾ നമ്മൾ ഒന്നിച്ച് ചെയ്തിട്ടും, ഇനി ഇടതുവശത്തേക്ക് നോക്കുമ്പോൾ നിന്നെ അവിടെ കാണാതിരിക്കുന്നത് വേദനയായി മാറും. ഇത്രയും കാലമായി നീ എനിക്ക് നൽകിയ അസിസ്റ്റുകൾ എത്രമാത്രമായിരുന്നു. ഇനി ആരാണ് എനിക്ക് ബാക്ക് പാസുകൾ തരാനുള്ളത്….?’ -നീണ്ട ചോദ്യ ചിഹ്നവുമായി ലയണൽ മെസ്സി കുറിച്ചു.
സ്പാനിഷ് ഫുട്ബാളിലും ശേഷം ഇന്റർ മയാമിയിലും ആരാധകർ ഏറെ ആസ്വദിച്ചതായിരുന്നു വിങ്ങിൽ നിന്നും കയറിയെത്തുന്ന ജോർഡി ആൽബയും, ഗോളിന് പാകമായി പന്ത് സ്വീകരിച്ച് വെടിയുതിർക്കുന്ന ലയണൽ മെസ്സിയും ഒന്നിക്കുന്ന രസതന്ത്രം.
കാലിൽ പന്ത് കുരുങ്ങിയൽ ജോർഡിയുടെയും മെസ്സിയുടെയും അകകണ്ണും മനസ്സും കോർത്തിടുന്ന മാന്ത്രിക ബന്ധം തന്നെയുണ്ടെന്നും ആരാധകർ പറഞ്ഞു നടന്നു. ഈ കൂട്ടുകെട്ടിന്റെ മിടുക്കിൽ ബാഴ്സലോണയിലും ശേഷം ഇന്റർമയാമിയിലും പിറന്ന ഗോളുകളും, കിരീടങ്ങളും തന്നെ അതിന്റെ സാക്ഷ്യം. കരിയറിൽ ലയണൽ മെസ്സിയുടെ ഗോളുകളിലേക്കായി 33 അസിസ്റ്റുകളാണ് ജോർഡി ആൽബയുടെ പേരിൽ രേഖപ്പെടുത്തുന്നത്.
ലൂയി സുവാരസ് (60), ഡാനി ആൽവസ് (42), ആന്ദ്രെ ഇനിയേസ്റ്റ (37) എന്നിവരാണ് ആൽബയേക്കാൾ കൂടുതൽ മെസ്സിക്കായി ഗോൾ അസിസ്റ്റ് ചെയ്തവർ. എന്നാൽ, ഇവർ നൽകിയ കണക്ടുകളിൽ മൂന്നാം നമ്പറിൽ മിക്കവാറും ജോർഡിയായിരുന്നുവെന്നത് പ്രതിഭയുടെ കൈയൊപ്പ് അടയാളപ്പെടുത്തുന്നു. ജോർഡി ആൽബക്ക് ആശംസയുമായി ലൂയി സുവാരസ്, നെയ്മർ എന്നിവരുമെത്തി.