ഹിസോർ (തജികിസ്താൻ): വിദേശ മണ്ണിൽ ഇന്ത്യൻ ഫുട്ബാൾ ടീം അവസാനമായി ജയിച്ചതെന്നായിരുന്നെന്ന് ഒരു പക്ഷേ ആരാധകർ ബഹുഭൂരിപക്ഷവും മറന്നുകാണും. 2023 നവംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിനെതിരെയായിരുന്നു ആ വിജയം. വർഷം രണ്ടാവുകയാണ്. അതിനിടയിൽ നാട്ടിലോ മറുനാട്ടിലോ ബ്ലൂ ടൈഗേഴ്സ് ഒരു കളി പോലും ജയിക്കാത്ത കലണ്ടർ വർഷമായി 2024 നാണക്കേടിന്റെ ചരിത്രം അടയാളപ്പെടുത്തിയിരുന്നു.
ഇഗോർ സ്റ്റിമാക്കിനെ പറഞ്ഞുവിട്ട് കൊണ്ടുവന്ന മറ്റൊരു വിദേശ പരിശീലകൻ മനേലോ മാർക്വേസ് ഏതാനും മാസങ്ങൾക്കകം തന്നെ മടങ്ങി. സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട് ലോക റാങ്കിങ്ങിൽ ഏറെ പിറകോട്ടുപോയൊരു സംഘത്തിന്റെ അമരത്തേക്കായിരുന്നു ഖാലിദ് ജമീൽ എന്ന നാട്ടുകാരൻ കോച്ചിന്റെ വരവ്. കാഫ നാഷൻസ് കപ്പിൽ തജികിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ജമീൽ തുടക്കം ഗംഭീരമാക്കിയിരിക്കുന്നത്.
ഒറ്റ മത്സരം കൊണ്ട് ഇന്ത്യൻ ഫുട്ബാൾ ടീം ഏറെ മെച്ചപ്പെട്ടെന്ന് കളി കണ്ടവർ പറയില്ല. എങ്കിലും കിക്കോഫിന് കാൽ മണിക്കൂർപോലും തികയുന്നതിന് മുമ്പ് ലോക റാങ്കിങ്ങിൽ 106ാം സ്ഥാനത്ത് നിൽക്കുന്ന ആതിഥേയരുടെ വലയിൽ രണ്ട് തവണ പന്തെത്തിക്കാൻ നീലക്കടുവകൾക്ക് കഴിഞ്ഞു. ഡിഫൻഡർമാരായ അൻവർ അലിയും സന്ദേശ് ജിങ്കാനുമായിരുന്നു സ്കോറർമാർ. ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച മലയാളി പ്രതിരോധ താരം മുഹമ്മദ് ഉവൈസിന്റെ നീളൻ ത്രോയാണ് അഞ്ചാം മിനിറ്റിൽ അൻവറിന്റെ ഗോളിലേക്ക് വഴിയൊരുക്കിയത്.
അൻവറിന്റെ സഹായത്തോടെ, ജിങ്കാനും സ്കോർ ചെയ്തു. 23ാം മിനിറ്റിൽ ഇന്ത്യൻ താരങ്ങളിൽനിന്നുണ്ടായ പിഴവാണ് ഷാരോൺ സമിയേവിലൂടെ തജികിസ്താൻ ഒരു ഗോൾ മടക്കാൻ ഇടയാക്കിയത്. തുടർന്ന്, 70 മിനിറ്റോളം ഗോൾ വഴങ്ങാതിരുന്നതും ആതിഥേയർക്ക് സമനില സമ്മാനിക്കുമെന്നുറപ്പിച്ച പെനാൽറ്റി കിക്കിന് മുന്നിൽ ക്യാപ്റ്റൻ ഗുർപ്രീത് സിങ് സന്ധു കോട്ട കെട്ടിയതും അർഹിച്ച ജയം കൈപ്പിടിയിലൊതുക്കാൻ സഹായിച്ചു.
ഫിഫ റാങ്കിങ്ങിൽ 133ാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. തോൽവികൾ തുടർക്കഥയാക്കിയതോടെ, അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച സുനിൽ ഛേത്രിയെ 41ാം വയസ്സിൽ തിരിച്ചുവിളിക്കേണ്ടിവന്ന സാഹചര്യം വരെയുണ്ടായി. എന്നാൽ, ഛേത്രിയില്ലാത്തൊരു പരീക്ഷണത്തിന് കൂടിയാണ് ജമീൽ തുടക്കമിട്ടിരിക്കുന്നത്. കരുത്തരായ ഇറാനെതിരെ തിങ്കളാഴ്ച ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങും. പിന്നെ നേരിടാനുള്ളത് അഫ്ഗാനിസ്താനെയാണ്. സ്വപ്നങ്ങളും പ്രതീക്ഷകളുമറ്റ സംഘത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മാന്ത്രികവടി ജമീലിന്റെ കൈകളിലുണ്ടെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
