ദോഹ: എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി. കരുത്തരായ ബഹ്റൈനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത് (2-0).
ഖത്തറിലെ ദോഹയിൽ നടന്ന മത്സരത്തിൽ 32ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് സുഹൈലാണ് ആദ്യ ഗോൾ നേടിയത്. അവിശ്വസനീയമായ ഒരു സോളോ സ്ട്രൈക്കിലൂടെയായിരുന്നു സുഹൈലിന്റെ ഗോൾ.
ഇഞ്ചുറി ടൈമിൽ അന്തിമ വിസിലിന് തൊട്ടുമുൻപ് ശിവാൾഡോ ചിങംബാംഗും ഇന്ത്യക്കായി വലചലിപ്പിച്ചതോടെ ഇന്ത്യ വ്യക്തമായ വിജയം ഉറപ്പിച്ചു.
എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പിൽ ഇതുവരെ യോഗ്യത നേടാനാവാത്ത ഇന്ത്യൻ ടീമിന് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ആതിഥേയരായ ഖത്തറും ബ്രൂണെയുമാണ് ഗ്രൂപ്പ് എച്ചിലെ ഇന്ത്യയുടെ മറ്റു എതിരാളികൾ. സെപ്റ്റംബർ ആറിന് ഖത്തറിനെയും ഒമ്പതിന് ബ്രൂണെയെയും ഇന്ത്യ നേരിടും. മുൻ മലയാളി അന്താരാഷ്ട്ര താരം നൗഷാദ് മൂസയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ.