അയോഗ്യതയിൽ ഇറ്റലി ഹാട്രിക് അടിക്കുമോ..? ​േപ്ലഓഫും എളുപ്പമല്ല; ​ലക്ഷ്യം​ കഠിന കഠോരം

ലണ്ടൻ: പന്തുമായി കുതിച്ചെത്തുന്ന ഏത് വമ്പന് മുന്നിലേക്കും, പറന്നിറങ്ങുന്ന ഫാബിയോ കന്നവാരോ… ഏത് പ്രതിരോധ നിരയെയും പൊളിച്ചടുക്കി എതിർ പാളയത്തിൽ കയറി കലാപം തീർക്കുന്ന ലൂകാ ടോണിയും ഫ്രാൻസിസ്കോ ടോട്ടിയും ആന്ദ്രെ പിർലോയും ഉൾപ്പെടെ മുന്നേറ്റം. പ്രതിരോധ നിരയിൽ രക്തം ചിന്തി കളിജയിക്കുന്ന സംബ്രോട്ടയും മറ്റരാസിയും. ഗോൾ വലക്കു കീഴിൽ ചിലന്തിവലതീർക്കുന്ന കൈകരുത്തുമായി ജിയാൻ ലൂയിജി ബുഫൺ…

2006 ലോകകിരീടത്തിൽ മുത്തമിട്ട അസൂറിപ്പട ഇന്നും ഫുട്ബാൾ ആരാധകരുടെ ഓർമകളിലെ ആവേശമാണ്. ജർമൻ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ സിനദിൻ സിദാ​നും തിയറി ഒന്റിയും നയിച്ച ഫ്രാൻസിനെ കണ്ണീർ കുടിപ്പിച്ച് കിരീടവുമായി മടങ്ങിയ ഇറ്റലിയുടെ അവസാന ലോകകപ്പ് കിരീട വിജയത്തിന് 20 വർഷം തികയുമ്പോഴാണ് അമേരിക്ക-മെക്സികോ-കാനഡ മണ്ണിൽ വീണ്ടുമൊരു ലോകകപ്പിന് പന്തുരുളുന്നത്.

2006ലെ കിരീട നേട്ടത്തിനു ശേഷം അടുത്ത രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് റൗണ്ടിൽ പുറത്താവാനായിരുന്നു അസൂറിപ്പടയുടെ വിധി. എന്നാൽ, നാലുവർഷം കഴിഞ്ഞ 2018ൽ റഷ്യയിൽ പന്തുരുണ്ടപ്പോൾ യോഗ്യത പോലും നേടാൻ ഇറ്റലിക്കായില്ല. 1958ന് ശേഷം ആദ്യമായി ഇറ്റലിയില്ലാത്ത ലോകകപ്പ് പോരാട്ടമായി റഷ്യൻ മണ്ണിലെ വിശ്വമേള മാറി. നാലുവർഷത്തിനിപ്പുറം 2022ൽ ഖത്തറിലേക്കും ഇറ്റലിക്ക് യോഗ്യത നേടാനാവാതെ പോയതോടെ ലോകമെങ്ങുമുള്ള കാൽപന്ത് ആരാധകർക്ക് ഏറ്റവും വലിയ നിരാശയായി. തുടർച്ചയായി രണ്ട് ലോകകപ്പുകളിലും ​മൈതാനത്തിന് പുറത്തായി നാണംകെട്ട ഇറ്റലിയുടെ ഫുട്ബാൾ മാന്ത്രികത വറ്റിവരണ്ടുവെന്ന് ലോകം വിധിയെഴുതി.

2020ൽ യൂറോകപ്പ് കിരീടം ചൂടിയും, നാഷൻസ് ലീഗിൽ രണ്ടു തവണ മൂന്നാം സ്ഥാനക്കാരായും പ്രതീക്ഷ നൽകിയ ശേഷമായിരുന്നു ഖത്തറിലേക്കും ഇറ്റലി യോഗ്യത നേടാതെ പോയത്.

തുടർച്ചയായി രണ്ട് ലോകകപ്പുകളിലെ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ അസൂറിപ്പടയുടെ തിരിച്ചുവരവ് വീണ്ടും സ്വപ്നം കണ്ടുവെങ്കിലും, 2026 ലോകകപ്പും അവർക്കിപ്പോൾ കയ്യാലപ്പുറത്താണ്.

​ഇറ്റലിക്ക് ഇനി ​േപ്ല ഓഫ് പരീക്ഷണം

എർലിങ് ഹാലൻഡിന്റെ തോളിലേറി നോർവെ 28 വർഷത്തിനു ശേഷം ലോകകപ്പിന് യോഗ്യത നേടിയപ്പോൾ അടിതെറ്റിയത് ഇറ്റലിക്കാണ്. യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ‘ഐ’യിൽ നിന്നും എട്ടിൽ എട്ടും ജയിച്ച് നോർവെ ലോകകപ്പിലേക്ക് അനായാസം ബർത്തുറപ്പിച്ചു. 24 പോയന്റും സ്വന്തമാക്കിയായിരുന്നു നോർവെയുടെ ജൈത്രയാത്ര. എന്നാൽ, നോർവെയോട് ഹോം-എവേ മത്സരങ്ങളിൽ വഴങ്ങിയ രണ്ട് തോൽവിയുമായി ഇറ്റലി 18 പോയന്റുമായി രണ്ടാം സ്ഥാനത്തായി. ഇതോടെ ഇനി ​േപ്ല ഓഫ് മാത്രമാണ് ഇറ്റലിക്ക് ലോകകപ്പിലേക്കുള്ള അവസാന സാധ്യത. എന്നാൽ, അവിടെയും കാര്യങ്ങൾ അത്ര എളുപ്പമാവി​ല്ലെന്നുറപ്പ്.

​ഗ്രൂപ്പ് റൗണ്ടിൽ നിന്നും രണ്ടാം സ്ഥാനക്കാരായ 12 ടീമുകളാണ് നേരിട്ട് ​േപ്ല ഓഫ് റൗണ്ടിലെത്തുന്നത്. ഇവർക്കൊപ്പം യുവേഫ നാഷൻസ് ലീഗിൽ നിന്നും റാങ്കിങ്ങി​െൻറ അടിസ്ഥാനത്തിൽ ലോകകപ്പ് യോഗ്യത നേടാത്ത നാല് ടീമുകൾ കൂടി ​േപ്ല ഓഫിൽ ഇടം നേടും. ​2026 മാർച്ചിൽ നടക്കുന്ന ​േപ്ല ഓഫിൽ അങ്ങനെ 16 ടീമുകളാണ് മത്സരിക്കുന്നത്. റാങ്കിങ്ങി​െൻറ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചാവും ​േപ്ല ഓഫ് മത്സരം. സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെയായി നടക്കുന്ന മത്സരത്തിനൊടുവിൽ വിജയിക്കുന്നവർക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാവുന്നതാണ്. ചുരുക്കത്തിൽ, ലോകകപ്പിന് ടിക്കറ്റുറപ്പിക്കാൻ ഇറ്റലിക്ക് ഇനിയും മത്സരങ്ങളും കാത്തിരിപ്പുമുണ്ടെന്ന് ചുരുക്കം.



© Madhyamam