ഹാലണ്ട് ഡബ്ളിൽ സിറ്റി, ആഴ്സനലിനും ലിവർപൂളിനും ജയം, ചെൽസിക്ക് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആഴ്സനലും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് സമനില. ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ട് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ പോയന്‍റ് പട്ടികയിൽ പിന്നിലുള്ള വെസ്റ്റ്ഹാം യുനൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ നിലംപരിശാക്കിയത്.

മത്സരത്തിന്‍റെ അഞ്ച്, 69 മിനിറ്റുകളിലായിരുന്നു നോർവീജിയൻ താരത്തിന്‍റെ ഗോളുകൾ. ടിയാനി റൈൻഡേഴ്സിന്‍റെ (38ാം മിനിറ്റിൽ) വകയായിരുന്നു ടീമിന്‍റെ മൂന്നാം ഗോൾ. ഗോളിന് വഴിയൊരുക്കിയത് ഹാലണ്ടും. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്. ന്യൂകാസിലിന്റെ മൈതാനത്ത് രണ്ട് ഗോളിന് പിറകിലായ ചെൽസി രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടി‍ച്ച് രക്ഷപ്പെടുകയായിരുന്നു. നാലാം മിനിറ്റിൽ ന്യൂകാസിലിനായി ആദ്യ ഗോൾ നേടിയ നിക്ക് വോൾട്ട്മേഡ് 20ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി. റീസ് ജെയിംസും (49) ജാവോ പെഡ്രോയുമാണ് (66) ചെൽസിക്കായി ഗോൾ മടക്കിയത്.

എവർട്ടണെ അവരുടെ തട്ടകത്തിൽ ഒറ്റ ഗോളിന് തകർത്ത് ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 27ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോക്കെറസാണ് വിജയഗോൾ നേടിയത്. ഡെക്ലാൻ റൈസ് എടുത്ത കോർണർ പന്ത് എവർട്ടൺ പ്രതിരോധ താരം ജേക്ക് ഒബ്രിയാന്‍റെ കൈയിൽ തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഗ്യോക്കെറസ് പന്ത് അനായാസം വലയിലാക്കി. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വീഴ്ത്തിയത്. രണ്ടാം പകുതിയിൽ സീസണിലെ പുതിയ സൈനിങ്ങുകളായ അലക്സാണ്ടർ ഐസക് (56ാം മിനിറ്റിൽ), ഹ്യൂഗോ എകിടികെ (66ാം മിനിറ്റിൽ) എന്നിവരാണ് ചെമ്പടക്കായി വലകുലുക്കിയത്.

83ാം മിനിറ്റിൽ ബ്രസീൽ താരം റിച്ചാർലിസണാണ് ടോട്ടൻഹാമിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. 33ാം മിനിറ്റിൽ ലിവർപൂൾ പ്രതിരോധ താരം വെർജിൽ വാൻ ഡെക്കിനെ ഗുരുതര ഫൗൾ ചെയ്തതിന് സാവി സിമോൺസ് നേരിട്ട് ചുവപ്പ് കാർഡ് പുറത്തായതോടെ ഒരു മണിക്കൂറോളം പത്തുപേരുമായാണ് ടോട്ടൻഹാം പൊരുതിയത്. മത്സരത്തിനിടെ ഐസക് പരിക്കേറ്റ് പുറത്തായത് ലിവർപൂളിനെ ആശങ്കയിലാക്കി. ആഫ്രിക്കൻ നേഷൻസ് കപ്പ് ടൂർണമെന്‍റിൽ കളിക്കുന്നതിനായി ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ് മൊറോക്കോയിലാണ്. മറ്റൊരു സൂപ്പർതാരം കോഡി ഗാക്പോ പരിക്കേറ്റ് പുറത്തും.

ലീഗിൽ 17 മത്സരങ്ങളിൽനിന്ന് 39 പോയന്‍റുമായാണ് ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇത്രയും മത്സരങ്ങളിൽനിന്ന് 37 പോയന്‍റുമായി സിറ്റിയാണ് രണ്ടാമത്. ഒരു മത്സരം കുറവ് കളിച്ച ആസ്റ്റൺ വില്ല 33 പോയന്‍റുമായി മൂന്നാമാതുണ്ട്. 29 പോയന്‍റ് വീതമുള്ള ചെൽസിയും ലിവർപൂളുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.



© Madhyamam