ന്യൂയോർക്ക്: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് തീപടർത്താൻ ‘ട്രിയോൻഡ’ അവതരിച്ചു.
ലോകകപ്പിന്റെ ഔദ്യോഗിക പന്തിനെ ആതിഥേയരായ മൂന്ന് രാജ്യങ്ങളുടെ പ്രതീകമായി ‘ട്രിയോൻഡ’ (Trionda) എന്ന പേരിലാണ് പുറത്തിറക്കുന്നത്. ജർമൻ സ്പോർട്സ് ബ്രാൻഡായ അഡിഡാസാണ് ‘ട്രിയോൻഡ’ പന്ത് രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കുന്ന അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തെ സൂചിപ്പിക്കുന്നതാണ് ‘ട്രിയോൻഡ’ എന്ന പേര്.
സ്പാനിഷിൽ ‘ട്രയ’ എന്നാൽ മൂന്ന് എന്നും, ‘ഓൻഡ’ എന്നതിന് തരംഗം എന്നുമാണ് അർത്ഥം. ഈ വാക്കുകൾ കുട്ടിചേർത്താണ് അടുത്ത വിശ്വമേളയുടെ ഔദ്യോഗിക പന്തിന് പേര് നൽകിയത്. 2022 ഖത്തർ ലോകകപ്പിൽ ‘അൽ രിഹ്‍ലയും, 2018 റഷ്യ ലോകകപ്പിൽ ടെൽസ്റ്റാർ 18, 2014 ബ്രസീൽ ലോകകപ്പിൽ ജബുലാനി എന്നിങ്ങനെയായിരുന്നു ഔദ്യോഗിക പന്തിന്റെ പേരുകൾ. രൂപകൽപനയിലെ ആകർഷകത്വത്തിനൊപ്പം ഏറ്റവും നൂതന സാങ്കേതിക മികവുമായാണ് ലോകകപ്പ് പന്തിന്റെ നിർമാതാക്കളായ അഡിഡാസ് പുതിയ പന്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ട്രിയോൻഡ; ത്രി തരംഗങ്ങൾ
പേരിലും നിറങ്ങളിലും മൂന്ന് രാജ്യങ്ങളുടെ ആതിഥേയത്വം സൂചിപ്പിക്കുന്നതാണ് ട്രിയോൻഡ. ചുവപ്പ്, പച്ച, നീല നിറങ്ങളിലായാണ് പന്ത് നിർമിച്ചത്. നക്ഷത്രങ്ങൾ നിറഞ്ഞ നീല അമേരിക്കയെ സുചിപ്പിക്കുന്നു. കഴുകന്റെ ചിത്രം കലർന്ന പച്ച മെക്സികോയെയും, മേപ്പിൾ ഇല പകർത്തിയ ചുവപ്പു നിറം കാനഡയെയും സൂചിപ്പിക്കുന്നു. ഫിഫ വേൾഡ് കപ്പ് ട്രോഫിക്ക് ആദരമായി സ്വർണ അലങ്കാരങ്ങളും പന്തിലുണ്ട്.
കളി ഇനി ഡിജിറ്റൽ പന്തിൽ
ഏറ്റവും പുതിയ സാങ്കേതിക വിസ്മയങ്ങളെല്ലാം ഒളിപ്പിച്ചാണ് ‘ട്രിയോൻഡ’ കളിക്കളത്തിലെത്തുന്നത്. പന്തിന്റെ ചലനം പൂർണമായും ഒപ്പിയെടുക്കും വിധം സെക്കൻഡിൽ 500 ഹെർട്സ് സിഗ്നലുകൾ അയക്കാൻ ശേഷിയുള്ള സെൻസർ ചിപ്പുകൾ ഉൾപ്പെടുത്തിയതോടെ വി.എ.ആർ പരിശോധന അണുവിട പിഴക്കില്ലെന്നുറപ്പ്. പന്തിലെ ചെറിയ സ്പർശം പോലും തിരിച്ചറിയും വിധം ‘ആക്സലെറോമീറ്ററും’ പന്തിന്റെ ടേണിങ് തിരിച്ചറിയുന്ന ജൈറോസ്കോപുമെല്ലാം അകത്ത് ഉൾകൊള്ളിച്ച സാങ്കേതിക തികവാർത്ത പന്താണ് ലോകകപ്പിനെത്തുന്നത്.
ഓഫ്‌സൈഡ് സംബന്ധിച്ച വിധികൾ കൂടുതൽ കൃത്യമായി എടുക്കാൻ കഴിയും വിധമാണ് രൂപകൽപന. ഹാൻഡ് ബാളും കൃത്യമായി തന്നെ തിരിച്ചറിയാനാവും. വായുവിൽ ഉലയാതെ തന്നെ പന്ത് നീങ്ങാൻ കഴിയുന്ന രൂപത്തിൽ ‘ൈഫ്ലറ്റ് സ്റ്റബിലിറ്റി’ നിലനിർത്തിയാണ് നിർമാണം. ഒപ്പം, നനഞ്ഞതോ, ബാഷ്‍പീകരണമുള്ളതോ ആയ കാലാവസ്ഥയിലും ഗ്രിപ്പ് നഷ്ടപ്പെടാതെ തന്നെ പന്തിന് ചലിക്കാനും കഴിയും.
അഭിമാനത്തോടെ തന്നെ ട്രിയോൻഡ കാൽപന്ത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച പന്താണ് ലോകകപ്പിനായി പൂർത്തിയാക്കിയതെന്ന് അഡിഡാസ് ടെക്നീഷ്യൻമാർ പന്തിന്റെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. മൂന്ന് രാജ്യങ്ങളിലായി 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പിനാണ് 2026ൽ അരങ്ങൊരുങ്ങുന്നത്. ജൂൺ 11ന് കിക്കോഫ് കുറിച്ച് ജൂലായ് 19ന് കൊടിയിറങ്ങും.