ദോഹ: ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് വേദിയൊരുക്കിയ ഖത്തറിന്, 2022 ലോകകപ്പിന്റെ വാർഷിക വേളയിൽ ലോകഫുട്ബാൾ അധ്യക്ഷനായ ജിയാനി ഇൻഫന്റിനോയിൽ നിന്ന് അഭിനന്ദനം. ഖത്തറിൽ ഫിഫ അണ്ടർ 17 ലോകകപ്പും, പിന്നാലെ ഫിഫ അറബ് കപ്പും നടക്കുന്നതിനിടെയാണ് ഫുട്ബാൾ സംഘാടനത്തിലെ മികവിനെ ഫിഫ പ്രസിഡന്റ് പ്രശംസിച്ചത്.
ഖത്തര്‍ 2022 ലോകകപ്പ് ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ബീൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയിലാണ് ഫിഫ പ്രസിഡന്റ് ഖത്തറിലെ ലോകകപ്പ് സംഘാടനത്തെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയത്.
സാധ്യമാവുമെങ്കിൽ, അടുത്ത പത്ത് ലോകകപ്പുകളും ഖത്തറിൽ സംഘടിപ്പിക്കാനാണ് തനിക്ക് താൽപര്യമെന്ന് ചിരിയോടെ ഫിഫ പ്രസിഡന്റ് പ്രതികരിച്ചു. എല്ലാവർക്കും മികച്ച അനുഭവമായിരുന്നു ഖത്തർ ലോകകപ്പ്, അതൊരിക്കലും മറക്കാനാവില്ല -ഫിഫ പ്രസിഡന്റ് പറഞ്ഞു.
2021ല്‍ ഫിഫയുടെ ആഭിമുഖ്യത്തില്‍ നടന്ന അറബ് കപ്പിന്റെ ആദ്യ പതിപ്പും മികച്ച വിജയമായിരുന്നു. ഫിഫക്കും അറബ് ലോകത്തിനും അറബ് കപ്പ് പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റാണ് -അദ്ദേഹം പറഞ്ഞു.
നവംബർ ആദ്യ വാരത്തിൽ തുടങ്ങിയ അണ്ടർ 17 ലോകകപ്പ് കഴിഞ്ഞ ദിവസമാണ് ഖത്തറിൽ സമാപിച്ചത്. 2025 മുതൽ 2029 വരെ തുടർച്ചയായി അഞ്ച് കൗമാര ലോകകപ്പിന്റെയും വേദി ഖത്തറാണ്.
