നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുന്നു; അവസാന സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിലും താരമില്ല

ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള അന്തിമ ടീമിനെ ഒരുക്കുന്നതിനുള്ള അവസാന അവസരമായിരുന്നു പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഈ സൗഹൃദ മത്സരങ്ങൾ.

ഒടുവിലത്തെ പരിക്കിൽനിന്ന് മുക്തനായി ഞാ‍യറാഴ്ച ബ്രസീൽ സീരീ എയിൽ സാന്‍റോസിനായി മുഴുവൻ സമയവും കളത്തിലിറങ്ങിയിട്ടും കൊറിന്ത്യൻസിനെതിരെ ടീമിന് സമനില (1-1) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സാന്‍റോസിന്‍റെ ഗോളിന് വഴിയൊരുക്കിയത് നെയ്മറാണ്.

സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ 27 അംഗ ടീമിനെ പ്രഖ്യാപിച്ച ആഞ്ചലോട്ടി, പൂർണ ഫിറ്റ്നസ് നേടാത്തതിനെ തുടർന്നാണ് നെയ്മറിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. 2023ൽ മുട്ടിനേറ്റ പരിക്കിനുശേഷം നെയ്മർ ബ്രസീൽ ടീമിനായി ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. ലോകകപ്പ് കൂടി ലക്ഷ്യമിട്ടാണ് താരം തന്‍റെ ബാല്യകാല ക്ലബിലേക്ക് തിരിച്ചുവന്നത്. ഇവിടെയും താരത്തിന് സ്ഥിരതയാർന്ന പ്രകടനം തുടരാനായില്ല. പരിക്കുകളാണ് തിരിച്ചടിയായത്. അടുത്തിടെ പേശിയിലുണ്ടായ പരിക്കിനെ തുടർന്നും മത്സരങ്ങൾ നഷ്ടമായി. ഈ മാസം 26ന് ഫ്രാൻസിനെയും 31ന് ക്രൊയേഷ്യക്കെതിരെയുമാണ് ബ്രസീൽ സൗഹൃദ മത്സരം കളിക്കുന്നത്.

സ്‌ക്വാഡിൽ ഉൾപ്പെടുത്തിയില്ലെങ്കിലും അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവർ സംയുക്ത വേദിയാകുന്ന ലോകകപ്പിൽ 34കാരനായ നെയ്മറിന്‍റെ പങ്കാളിത്ത സാധ്യത ആഞ്ചലോട്ടി പൂർണമായി തള്ളിക്കളയുന്നില്ല. ‘എന്തുകൊണ്ടാണ് ഞാൻ ഇത്തവണ നെയ്മറിനെ വിളിക്കാത്തത്?

കാരണം അദ്ദേഹം 100 ശതമാനം ഫിറ്റ് അല്ല, നമുക്ക് 100 ശതമാനം ഫിറ്റ്നസ്സുള്ള കളിക്കാരെ വേണം’ -ഇറ്റലിക്കാരനായ ആഞ്ചലോട്ടി പറഞ്ഞു. 26ന് ബോസ്റ്റണിൽ ഫ്രാൻസിനെതിരെയും അഞ്ചു ദിവസങ്ങൾക്ക് ശേഷം ഓർലാൻഡോയിൽ ക്രൊയേഷ്യക്കെതിരെയുമാണ് ബ്രസീൽ കളിക്കുന്നത്.

സാങ്കേതിക തലത്തിൽ നെയ്‌മറിന് ഒന്നും തെളിയിക്കാനില്ലെന്നും താരത്തെ ഒഴിവാക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. ‘ഇതൊരു ശാരീരിക വിലയിരുത്തലാണ്, സാങ്കേതിക വിലയിരുത്തലല്ല. പന്ത് നിയന്ത്രിക്കുന്നതിൽ മികച്ചവനാണ്, പക്ഷേ ശാരീരികമായി മെച്ചപ്പെടേണ്ടതുണ്ട്, നൂറു ശതമാനത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്’ -മുൻ റയൽ മഡ്രിഡ് ബോസ് കൂട്ടിച്ചേർത്തു. ലോകകപ്പ് മുന്നിൽ കണ്ടു പ്രഖ്യാപിച്ച സ്‌ക്വാഡിൽ യുവ താരങ്ങളായ എൻഡ്രിക്, ഇഗോർ തിയാഗോ തുടങ്ങിയവർക്ക് അവസരം നൽകിയിട്ടുണ്ട്. വിനിമാർ ജൂനിയർ, റാഫിന്യ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും ടീമിലുണ്ട്. നാലു പുതുമുഖങ്ങളും ടീമിലുണ്ട്.

ബ്രസീൽ സ്‌ക്വാഡ്

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്റോ (അൽ നസർ), എഡേഴ്സൺ (ഫെനർബാഷെ)

പ്രതിരോധം: വെസ്ലി (എ.എസ് റോമ), അലക്‌സ് സാൻഡ്രോ (ഫ്ലമെൻഗോ), ഡഗ്ലസ് സാന്റോസ് (സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗ്), മാർക്വിനോസ് (പി.എസ്.ജി), ഗബ്രിയേൽ മഗൽഹൈസ് (ആഴ്‌സനൽ), ബ്രേമർ (യുവന്റസ്), ഡാനിലോ (ഫ്ലമെൻഗോ), ഇബനേസ് (അൽ അഹ്‌ലി), ലിയോ പെരേര (ഫ്ലമെൻഗോ)

മധ്യനിര: ആൻഡ്രി സാന്റോസ് (ചെൽസി), കാസെമിറോ (മാഞ്ചസ്റ്റർ യുനൈറ്റഡ്), ഡാനിലോ (ബൊറ്റഫോഗോ), ഫബിനിയോ (അൽ ഇത്തിഹാദ്), ഗബ്രിയേൽ സാര (ഗലറ്റസാരെ)

മുന്നേറ്റനിര: എൻഡ്രിക് (ഒളിമ്പിക് ലിയോണൈസ്), ഇഗോർ തിയാഗോ (ബ്രെന്റ്‌ഫോർഡ്), ലൂയിസ് ഹെൻറിക്ക് (സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗ്), റയാൻ (ബോൺമൗത്ത്), ജാവോ പെഡ്രോ (ചെൽസി), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സനൽ), മത്തേയൂസ് കൂൻഹ (മാഞ്ചസ്റ്റർ യുനൈറ്റഡ്), റഫീഞ്ഞ (ബാഴ്‌സലോണ), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്)



© Madhyamam