ഫിഫ ലോകകപ്പ് സംപ്രേക്ഷണം; പ്രസാർ ഭാരതിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി


അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. 16 നഗരങ്ങളിലായി 104 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.

അഡ്വക്കേറ്റ് അവധേഷ് ബൈർവ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോടും പ്രസാർ ഭാരതിയോടും മറുപടി തേടി. ഹർജി പൊതുതാത്പര്യ ഹർജിക്ക് (PIL) സമാനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഫിഫയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യയെന്നും, 2022-ലെ ലോകകപ്പ് സമയത്ത് 745.7 ദശലക്ഷം ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ടൂർണമെന്റിലെ 104 മത്സരങ്ങളും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നേടിയെടുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

ജൂൺ 11-ന് ലോകകപ്പ് ആരംഭിക്കുന്നതിനാൽ വിഷയം അടിയന്തര സ്വഭാവമുള്ളതാണെന്നും ഹർജിയിൽ പറയുന്നു. ഉദ്ഘാടന മത്സരം തന്നെ ദേശീയ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കപ്പെടുന്നുണ്ട്. കോടതി അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ താനുൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും, മറ്റ് മാർഗങ്ങളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹർജി മെയ് 20-ന് വീണ്ടും പരിഗണിക്കും.

© Madhyamam