റിയൽ മാഡ്രിഡിനെ 2-0 ന് തോൽപ്പിച്ച് ബാഴ്‌സലോണ 29-ാം തവണ ലാ ലിഗ കിരീടം നേടി


റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ സ്പാനിഷ് ലാലിഗ ഫുട്ബോൾ കിരീടം സ്വന്തമാക്കി. ക്യാമ്പ് നൗവിൽ നടന്ന ആവേശകരമായ മത്സരത്തിൽ റയലിനെ തകർത്ത് തങ്ങളുടെ 29-ാം ലാലിഗ കിരീടമാണ് ബാഴ്സലോണ ഉറപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ 91 പോയിന്റുമായി ഒന്നാമതെത്തിയ ബാഴ്സലോണ, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ 14 പോയിന്റ് ലീഡ് നേടി ചാമ്പ്യന്മാരായി മാറി. ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തുടർച്ചയായി രണ്ടാം തവണയാണ് ബാഴ്സലോണ ലാലിഗ കിരീടത്തിൽ മുത്തമിടുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ബാഴ്സലോണ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ഒമ്പതാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. തൊട്ടുപിന്നാലെ 18-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ ക്രോസിൽ നിന്ന് ഫെറാൻ ടോറസ് കൂടി ലക്ഷ്യം കണ്ടതോടെ റയൽ മാഡ്രിഡിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഇരു ടീമുകളിലെയും പ്രധാന താരങ്ങൾ പരിക്കും മറ്റ് അച്ചടക്ക നടപടികളും കാരണം പുറത്തിരുന്നിട്ടും, ബാഴ്സലോണയുടെ മുന്നേറ്റനിര റയൽ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് കണ്ടത്.

റയൽ മാഡ്രിഡ് പൊരുതി നോക്കിയെങ്കിലും വിനീഷ്യസ് ജൂനിയറിന്റെയും ബെല്ലിംഗ്ഹാമിന്റെയും ശ്രമങ്ങൾ ബാഴ്സലോണയുടെ പ്രതിരോധത്തിലും ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ മികവിലും തടയപ്പെട്ടു. ബെല്ലിംഗ്ഹാമിന്റെ ഒരു ഗോൾ ഓഫ്സൈഡ് ആയതും റയലിന് തിരിച്ചടിയായി. ഈ വിജയത്തോടെ ലാലിഗയിൽ തങ്ങളുടെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബാഴ്സലോണ. വിള്ളലുകൾ നിറഞ്ഞ റയൽ മാഡ്രിഡ് നിരയ്ക്കെതിരെ അനായാസ വിജയവുമായി സീസണിലെ തങ്ങളുടെ ആധിപത്യം ബാഴ്സലോണ ആഘോഷമാക്കുകയാണ്.

© Madhyamam