22 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം ചൂടി ആഴ്സണൽ


ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ആഴ്സണൽ 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ബേൺമൗത്തുമായുള്ള മത്സരത്തിൽ 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് ആഴ്സണലിന്റെ കിരീടധാരണം ഔദ്യോഗികമായത്. ലീഗിൽ ഇനി ഒരു മത്സരം മാത്രം ബാക്കി നിൽക്കെ, സിറ്റിയേക്കാൾ നാല് പോയിന്റ് മുന്നിലെത്തിയാണ് ആഴ്സണൽ ചാമ്പ്യൻമാരായത്. കഴിഞ്ഞ മൂന്ന് സീസണുകളിലും കിരീടത്തിനടുത്തെത്തി കൈവിട്ട ആഴ്സണൽ, മിഖായേൽ അർടെറ്റയുടെ പരിശീലനത്തിന് കീഴിൽ ഒടുവിൽ ലക്ഷ്യം കണ്ടു.

ആഴ്സണലിന്റെ ഈ ചരിത്രനേട്ടം ലണ്ടനിൽ ആരാധകർ വൻ ആഘോഷമാക്കി മാറ്റി. പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉൾപ്പെടെയുള്ള പ്രമുഖർ ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. തങ്ങളുടെ 14-ാമത് ലീഗ് കിരീടമാണ് ടീം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഈ മാസം 30-ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നെ നേരിടാൻ ഒരുങ്ങുന്ന ആഴ്സണലിന് ഈ സീസൺ കൂടുതൽ തിളക്കമുള്ളതാക്കാൻ ഇനിയും അവസരമുണ്ട്.

അച്ചടക്കവും കൃത്യമായ ആസൂത്രണവും കൊണ്ട് ടീമിനെ മാറ്റിയെടുത്ത പരിശീലകൻ മിഖായേൽ അർടെറ്റയുടെ മികവാണ് ഈ വിജയത്തിന് പിന്നിൽ. ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ നിന്ന് പിന്നോക്കം പോയെങ്കിലും, തളരാതെ പോരാടിയ ടീമിന്റെ വിശ്വാസമാണ് ഒടുവിൽ കിരീടത്തിലെത്തിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ആഴ്സണൽ ആരാധകർ കാത്തിരുന്ന ആ നേട്ടം സാക്ഷാത്കരിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം.



© Madhyamam