ഗോകുലം കേരള താരങ്ങൾ പരിശീലനത്തിൽ
കോഴിക്കോട്: ഐ ലീഗ് ഫുട്ബാൾ ജേതാക്കളെ തീരുമാനിക്കാൻ ഞായറാഴ്ച നിർണായകമായ മൂന്ന് മത്സരങ്ങൾ. 21 കളി പൂർത്തിയാക്കിയപ്പോൾ 39 പോയന്റുമായി ഒന്നാമതുള്ള ചർച്ചിൽ എഫ്.സിയും 37 പോയന്റുമായി രണ്ടാമതുള്ള ഗോകുലം കേരളയും 36 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള റിയൽ കശ്മീർ എഫ്.സിയും ഇൻറർ കാശിയുമാണ് കിരീടത്തിനായുള്ള ആവേശകരമായ ക്ലൈമാക്സ് മത്സരത്തിൽ പോരടിക്കുന്നത്.
ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലവും ഡെംപോ ഗോവയും ഏറ്റുമുട്ടും. ശ്രീനഗറിൽ ചർച്ചിൽ ബ്രദേഴ്സ് ആതിഥേയരായ റിയൽ കശ്മീരിനെ നേരിടും. ബംഗാളിലെ കല്യാണിയിൽ രാജസ്ഥാൻ യുനൈറ്റഡിനെയാണ് ഇന്റർ കാശി നേരിടുന്നത്. തുടക്കത്തിൽ ആറ് കളികളിൽ ഒരു വിജയം മാത്രമായിരുന്നു ടീമിന്. അവസാന മത്സരങ്ങളിൽ തിരിച്ചുവരികയായിരുന്നു. അവസാന ഏഴ് മത്സരത്തിൽ ആറിലും ജയിച്ചായിരുന്നു കുതിപ്പ്.
ഇതിനിടെ, ഹോം മത്സരത്തിൽ തുടർച്ചയായുണ്ടായ രണ്ടു മത്സര പരാജയങ്ങളാണ് ഗോകുലത്തിന് അവസാന മത്സരങ്ങൾ നിർണായകമാക്കിയത്. ‘തോറ്റുകൊടുത്ത’ മത്സരങ്ങൾ എന്ന് വിമർശനത്തിനിടയാക്കിയവയായിരുന്നു അവ. പരാജയങ്ങളിൽ ഇടറിയ ടീം കിരീട പ്രതീക്ഷയിലേക്കെത്തിയത് സ്പാനിഷ് കോച്ച് അന്റോണിയോ റുവേദയെ മാറ്റി ടീമിന്റെ സഹപരിശീലകനായിരുന്ന ടി.എ. രഞ്ജിത്തിനെ ചുമതലയേൽപിച്ചതോടെയായിരുന്നു.
21 കളികളിൽ ചർച്ചിലിനും ഗോകുലത്തിനും ജയം 11 ആണ്. സമനില ചർച്ചിലിന് ആറും ഗോകുലത്തിന് നാലുമാണ്. തോൽവിയാകട്ടെ ഗോകുലത്തിന് ആറും ചർച്ചിലിന് നാലുമാണ്. ജയം അരികിലുണ്ടായിട്ടും അവ കൈവിട്ട് സമനിലയും തോൽവിയും വഴങ്ങിയതിന്റെ വേദനയിലാണ് ഗോകുലം കേരള ഡെംപോ എസ്.സി ഗോവക്കെതിരെ ഞായറാഴ്ച കളത്തിലിറങ്ങുന്നത്. ഡെംപോക്കെതിരെ വിജയം മാത്രം നേടിയാൽ മതിയാകില്ല ഗോകുലത്തിന് കീരീട പ്രതീക്ഷയുയർത്താൻ, ചർച്ചിൽ ബ്രദേഴ്സ് റിയൽ കശ്മീർ എഫ്.സിയോട് തോൽക്കുകയും വേണം.
റിയൽ കശ്മീർ എഫ്.സി ചർച്ചിൽ ബ്രദേഴ്സിനെ 3-0 എന്ന മാർജിനിൽ തോൽപിക്കുകയും മലബാറിയൻസ് ഡെംപോ ഗോവയോട് തോൽക്കുകയും ചെയ്താൽ കിരീടം റിയൽ കശ്മീരിലേക്കും വന്നുചേരാം. അതേസമയം, റിയൽ കശ്മീരിനെതിരെ ഒരു സമനിലയോ വിജയമോ മാത്രം മതി ചർച്ചിൽ ബ്രദേഴ്സിന് കിരീടം ഉറപ്പിക്കാൻ. ഇന്റർ കാശി ജയിച്ചാലും കാര്യമില്ല. ചർച്ചിൽ ജയിക്കാതിരിക്കുകയും നാംധാരിക്കെതിരെ മൂന്ന് പോയന്റ് ആവശ്യവുമായി എ.ഐ.എഫ്.എഫിന് നൽകിയ പരാതിയിൽ അനുകൂല തീരുമാനമുണ്ടാവുകയും വേണം.
ഇന്നത്തെ മത്സരങ്ങൾ.
ഗോകുലം Vs ഡെംപോ ഗോവ (കോഴിക്കോട് -4:00)
ചർച്ചിൽ ബ്രദേഴ്സ് ഗോവ Vs റിയൽ കശ്മീർ (ശ്രീനഗർ – 4:00)
ഇന്റർ കാശി Vs രാജസ്ഥാൻ യുനൈറ്റഡ് (കല്യാണി, ബംഗാൾ- 4..00)
മത്സരങ്ങൾ സോണിലിവ്, സോണി ടെൻ2, എസ്.എസ്.ഇ.എൻ ലൈവ്
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/VT3pOkf