ന്യൂഡൽഹി: ഐ ലീഗിൽ നഷ്ടപ്പെട്ട മൂന്ന് പോയന്റ് തിരികെ ലഭിക്കാൻ ഇന്റർ കാശി കാത്തിരിപ്പ് തുടരവെ സൂപ്പർ കപ്പ് ഫിക്സ്ചർ പുറത്തുവിട്ട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ കപ്പിൽ കളിക്കുന്നുണ്ട്. ഏപ്രിൽ 20നാണ് മത്സരങ്ങൾ ആരംഭിക്കുക. എന്നാൽ, ഇന്റർ കാശിയുടെ പരാതി എ.ഐ.എഫ്.എഫ് അപ്പീൽ കമ്മിറ്റി പരിഗണിക്കുന്നത് 28നാണ്. ഈ സാഹചര്യത്തിൽ ഐ ലീഗിലെ സ്ഥാനങ്ങൾ എങ്ങനെ തീരുമാനിക്കുമെന്നത് അനിശ്ചിതത്വമുണ്ടാക്കുന്നു.
ഐ ലീഗ് സീസൺ സമാപിച്ചപ്പോൾ ചർച്ചിൽ ബ്രദേഴ്സ് (40), ഇന്റർ കാശി (39), റിയൽ കശ്മീർ (37) ടീമുകളാണ് ആദ്യ മൂന്നിൽ. എന്നാൽ, മുമ്പ് നാംധാരി എഫ്.സിക്കെതിരായ മത്സരത്തിൽ തങ്ങൾക്ക് അനുവദിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത മൂന്ന് പോയന്റ് തിരിച്ചുകിട്ടണമെന്നാണ് ഇന്റർ കാശിയുടെ ആവശ്യം. നാംധാരിയാണ് കളി ജയിച്ചതെങ്കിലും അവർ അയോഗ്യനായ താരത്തെ കളിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മത്സരഫലം തിരുത്തിയിരുന്നു. ഇന്റർ കാശിയെ വിജയികളായി പ്രഖ്യാപിച്ചു.
ഇതിനെതിരെ നാംധാരി അപ്പീൽ പോയതോടെ ഇന്റർ കാശിയിൽനിന്ന് മൂന്ന് പോയന്റ് തിരിച്ചെടുത്ത് ഇവർക്കുതന്നെ നൽകി. മൂന്ന് പോയന്റ് കിട്ടിയാൽ ഇന്റർകാശി 42 പോയന്റുമായി ഐ ലീഗ് ചാമ്പ്യന്മാരാവും. ചർച്ചിൽ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. മൂന്നാംസ്ഥാനത്ത് മാറ്റമുണ്ടാവില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ