ലണ്ടൻ: യൂറോപ്യൻ ഗോൾഡൻ ഷൂ റയൽ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക്. ലാ ലിഗയിൽ അരങ്ങേറ്റം കുറിച്ച സീസണിൽ 31 ഗോൾ നേടിയാണ് ഫ്രഞ്ച് താരം ലീഗിലെ ടോപ് സ്കോറർ പുരസ്കാരത്തിനൊപ്പം വൻകരയുടെ പുരസ്കാരവും സ്വന്തമാക്കിയത്.
അവസാന മത്സരത്തിൽ റയൽ സോസിദാദിനെതിരെ 2-0ന് റയൽ ജയം നേടിയപ്പോൾ രണ്ടുഗോളും താരത്തിന്റെ ബൂട്ടിൽനിന്നായിരുന്നു. സപോർട്ടിങ് താരം വിക്ടർ ഗ്യോകെറസ് (39 ഗോൾ), ലിവർപൂൾ താരം മുഹമ്മദ് സലാഹ് (29) എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഗോൾ കൂടുതൽ ഗ്യോകെറസിന്റെ പേരിലാണെങ്കിലും കളിച്ച ലീഗിന് നൽകുന്ന പോയന്റ് മൂല്യത്തിന്റെ ആനുകൂല്യമാണ് എംബാപ്പെക്ക് തുണയായത്.
പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ് ലിഗ, സീരി എ, ലിഗ് വൺ എന്നീ ലീഗുകളിലെ ഒരു ഗോളിന് രണ്ടു പോയന്റും മറ്റുള്ളവക്ക് 1.5 പോയന്റുമാണ്. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ മുഹമ്മദ് സലാഹ് ഗോൾ നേടിയിരുന്നെങ്കിലും ഒന്നിലൊതുങ്ങിയത് എംബാപ്പെയെ ഒറ്റക്ക് മുന്നിലെത്തിച്ചു. എംബാപ്പെ 62 പോയന്റ് നേടിയപ്പോൾ ഗ്യോകെറസിന് 58.5 പോയന്റാണ്. സലാഹ് 58, ലെവൻഡോവ്സ്കി 54, ഹാരി കെയിൻ 52 എന്നിങ്ങനെയാണ് മറ്റുള്ളവരുടെത്. റയൽ മഡ്രിഡ് നിരയിൽ മുമ്പ് ഹ്യൂഗോ സാഞ്ചസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഗോൾഡൻ ഷൂ നേടിയവർ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ