ബാഴ്സലോണ: ലാ ലിഗയിൽ ചാമ്പ്യൻപട്ടം ഉറപ്പിച്ച് അവസാന ഹോം മത്സരത്തിനിറങ്ങിയ ബാഴ്സലോണക്ക് അടിതെറ്റി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിയ്യാറയലിനോട് തോൽവി വഴങ്ങുന്നത്. തോറ്റെങ്കിലും കിരീടം ചൂടിയതിന്റെ ആഘോഷം ഹോം മൈതാനത്ത് നടന്നു.
മത്സരത്തിന്റെ നാലാം മിനിറ്റിൽ അയോസ് പെരസിലൂടെ വിയ്യാ റയൽ മുന്നിലെത്തി (1-0). 38ാം മിനിറ്റിൽ ലമീൻ യമാലിലൂടെ ബാഴ്സ ഗോൾ മടക്കി (1-1). ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫെർമിൻ ലോപസിലൂടെ ബാഴ്സ ലീഡെടുത്തു (2-1). രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനകം വിയ്യാ റയൽ ഒപ്പമെത്തി. 50ാം മിനിറ്റിൽ സാൻറി കൊമസനയാണ് ഗോൾ നേടിയത്. 80ാം മിനിറ്റിൽ ടാജോൻ ബുക്കാനന്റെ ഗോളിലൂടെ വിയ്യാ റയൽ വീണ്ടും മുന്നിലെത്തുകയായിരുന്നു (3-2). കളിയുടെ എഴുപത് ശതമാനത്തിലധികം പന്ത് കൈവശം വെച്ച ബാഴ്സയുടെ ഗോളടക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് തോൽവി വഴങ്ങിയത്.
കിരീടം ഉറപ്പിച്ച ബാഴ്സലോണ 37 മത്സരങ്ങളിൽ നിന്ന് 85 പോയിന്റാണുള്ളത്. ലീഗിലെ അവസാന മത്സരം ഈ മാസം 26ന് അത്ലറ്റിക് ക്ലബുമായി നടക്കും. ബാഴ്സലോണയോട് ജയിച്ച വിയ്യാ റയൽ 67 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ