
തിരുവനന്തപുരം: ഏകദിന ലോകകപ്പ് വിജയിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് കളിക്കാൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം എത്തുന്നു. ശ്രീലങ്കക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ അവസാന പോരാട്ടങ്ങൾക്കാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുക. ഡിസംബർ 26, 28, 30 തീയതികളിലാണ് മത്സരം. ആദ്യ രണ്ടു കളികൾ വിശാഖപട്ടണത്താണ്. അതിനുശേഷം ഡിസംബർ 24ന് ഇരു ടീമുകളും തിരുവനന്തപുരത്തെത്തും.
ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹർമൻപ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത്. ജനുവരിയിൽ ഇന്ത്യൻ പുരുഷ ടീമും ട്വന്റി 20 മത്സരത്തിനായി കാര്യവട്ടത്ത് എത്തുന്നുണ്ട്. 31ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ.
