
ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംപ്രകടനത്തെത്തുടർന്ന് രണ്ടുവർഷം മുമ്പ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയ സർഫറാസ് ഖാൻ പക്ഷേ പുറത്താവാൻ അധികകാലം വേണ്ടിവന്നില്ല. 2024 ഫെബ്രുവരിക്കും നവംബറിനുമിടയിൽ ആറ് ടെസ്റ്റുകൾ കളിച്ച മുംബൈ ബാറ്റർ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും നേടിയെങ്കിലും ന്യൂസിലൻഡിനെതിരായ കനത്ത തോൽവിയുടെ ഏറ്റവും വലിയ ഇരയായി സർഫറാസ്. തുടർന്ന് നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര സംഘത്തിലുണ്ടായിട്ടും അവസരം ലഭിച്ചതുമില്ല. ഒന്നര വർഷത്തിനുശേഷം 28കാരൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുമ്പോൾ അതിലേക്ക് താണ്ടിയ കടമ്പകൾ ഏറെയാണ്.
തടി കൂടുതലെന്നും ഫിറ്റല്ലെന്നും വിമർശനം
രഞ്ജി ട്രോഫിയിൽ ട്രിപ്പ്ൾ സെഞ്ച്വറി നേടിയിട്ടും രാജ്യാന്തര ക്രിക്കറ്റിന് യോജിക്കാത്ത ശരീരപ്രകൃതിയാണെന്നും അമിത ഭാരമുള്ളയാളാണെന്നും ഫിറ്റല്ലെന്നുമൊക്കെയായിരുന്നു സെലക്ടർമാരും ക്രിക്കറ്റ് പണ്ഡിറ്റുകളും പ്രധാനമായും ഉയർത്തിയ വിമർശനം. പക്ഷേ, സർഫറാസിന്റെ നിശ്ചയദാർഢ്യത്തിനുമുന്നിൽ എല്ലാം തോറ്റു. 17 കിലോ വരെ ഭാരം കുറച്ചാണ് താരം എത്തുന്നത്. മുംബൈയിലെ കനത്ത മഴ കാരണം പതിവ് പരിശീലനം അസാധ്യമായപ്പോൾ, ജമ്മു-കശ്മീരിലെ ഷേറെ കശ്മീർ സ്റ്റേഡിയത്തിൽ മണിക്കൂറുകളോളം ചെലവഴിച്ചാണ് സർഫറാസ് ബാറ്റിങ് മികവ് മൂർച്ച കൂട്ടിയത്. അദ്ദേഹം ട്വന്റി20 പ്രകടനവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
2024 നവംബറിൽ അവസാനിച്ച ന്യൂസിലൻഡിനെതിരായ പരമ്പരയിൽ എല്ലാവരും പരാജയപ്പെട്ടിട്ടും സർഫറാസിന് മാത്രമാണ് സ്ഥാനം നഷ്ടമായത്. തുടർന്ന് ഇംഗ്ലണ്ടിൽ പോയ അദ്ദേഹം ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിനായി 92 റൺസും ബെക്കൻഹാമിൽ നടന്ന ഇൻട്രാ-സ്ക്വാഡ് മത്സരത്തിൽ സെഞ്ച്വറിയും നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ ഇന്ത്യ തോൽക്കുന്നതുവരെ സർഫറാസിന് തിരിച്ചുവരവ് വിദൂര സ്വപ്നമായിരുന്നു. ഗുവാഹതിയിൽ നടന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീം മാനേജ്മെന്റ് താരത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും സെലക്ഷൻ കമ്മിറ്റി തിരികെയെടുക്കാൻ തയാറായിരുന്നില്ലെന്നാണ് വിവരം.
സ്പിന്നിനെതിരായ മികവ്
പരിക്കേറ്റ സായ് സുദർശൻ ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായപ്പോൾ സെലക്ടർമാർക്കുമുന്നിൽ മൂന്ന് ഓപ്ഷനുകൾ ഉണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് കരിയറിൽ മികച്ച ശരാശരിയുള്ള ഋതുരാജ് ഗെയ്ക്വാദ്, മൂന്നാം നമ്പറുകാരനായ യുവതാരം ഷെയ്ഖ് റഷീദ് എന്നിവരായിരുന്നു ആദ്യ രണ്ടുപേർ. മൂന്നാമത്തെയും ഏറ്റവും യുക്തിസഹവുമായ ഓപ്ഷൻ സർഫറാസായിരുന്നു. നായകൻ ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവർ കഴിഞ്ഞാൽ സ്പിൻ ബൗളിങ്ങിനെ ഏറ്റവും മികച്ച രീതിയിൽ നേരിടുന്ന താരം സർഫറാസാണ്. കൺവെൻഷനൽ സ്വീപ്പ്, റിവേഴ്സ് സ്വീപ്പ് എന്നിവയുൾപ്പെടെ മികച്ച വൈവിധ്യമാർന്ന ഷോട്ടുകൾ കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. ധ്രുവ് ജുറെൽ സ്പിന്നർമാർക്കെതിരെ അത്ര ഫോമിലല്ലാത്തതും സർഫറാസിന് വഴിതുറന്നേക്കും. ടെസ്റ്റ് ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്, ‘‘ഞാൻ ഫിറ്റായിരിക്കില്ല, പക്ഷേ എന്റെ കൈവശമുള്ളതെല്ലാം ഉപയോഗിച്ച് പോരാടും’’ എന്ന് സർഫറാസ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ സന്ദേശമായിരുന്നു.
