
നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശക്തരായ അഫ്ഗാനിസ്താനെതിരെ അട്ടിമറി വിജയം സ്വന്തമാക്കി നേപ്പാൾ. ഐച്ചി പ്രിഫെക്ചറൽ കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് നേപ്പാൾ വിജയം സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ 103 റൺസിന്റെ വിജയലക്ഷ്യം നേപ്പാൾ 16 പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് തുടക്കം തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് ഓവറിനുള്ളിൽ തന്നെ വസീം അക്രം (എട്ട് പന്തിൽ രണ്ട്), ഹസ്സൻ ഐസഖിൽ (രണ്ട് പന്തിൽ പൂജ്യം), കരിം ജനത് (ഒമ്പത് പന്തിൽ ഒമ്പത്) എന്നിവർ മടങ്ങി. മൂന്ന് വിക്കറ്റിന് 16 എന്ന നിലയിലായിരുന്ന അഫ്ഗാനെ ഫൈസൽ ഖാൻ (33 പന്തിൽ 30), നജീബുല്ല സദ്രാൻ (40 പന്തിൽ 30) എന്നിവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. പിന്നാലെ ക്രീസിലെത്തിയവരിൽ 15 പന്തിൽ 17 റൺസെടുത്ത് പുറത്താവാതെ നിന്ന നങ്കേയാലിയ ഖരോട്ടെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നിശ്ചിത ഓവറിൽ അഫ്ഗാനിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ കുശാൽ ഭുർതേലും മൂന്ന് വിക്കറ്റ് നേടിയ ലളിത് രാജ്‌ബൻഷിയുമാണ് അഫ്ഗാനെ തകർത്തത്.
മറുപടി ബാറ്റിങ്ങിൽ നേപ്പാളിന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ നേപ്പാളിന് ഓപ്പണർ കുശാൽ ഭുർതേലിനെ (രണ്ട് പന്തിൽ പൂജ്യം) നഷ്ടമായി. പിന്നാലെ ആസിഫ് ഷെയ്ഖും (നാല് പന്തിൽ രണ്ട്) കുശാൽ മല്ലയും (12 പന്തിൽ ഒമ്പത്) മടങ്ങി. പത്താം ഓവറിൽ 35 പന്തിൽ 34 റൺസെടുത്ത സന്ദീപ് ജോറയും കൂടാരം കയറി. പിന്നീട് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ദീപേന്ദ്ര സിങ് ഐറി (18 പന്തിൽ 15), രോഹിത് പോഡൽ (32 പന്തിൽ 33*) എന്നിവർ ചേർന്ന് നേപ്പാളിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അഫ്ഗാനായി ഫരീദൂൻ ദാവൂദ്സായ്, അറബ് ഗുൽ, അബ്ദുള്ള അഹമ്മദ്സായി എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ട് പോയിന്റുമായി അഫ്ഗാനിസ്താൻ തന്നെയാണ് ഗ്രൂപ്പ് ‘എ’യിൽ ഒന്നാം സ്ഥാനത്ത്. ഇതേ പോയിന്റുമായി നേപ്പാൾ രണ്ടാമതും പോയിന്റ് ഒന്നും നേടാതെ ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ്.
