
ഐ.പി.എല്ലിന്‍റെ പുതിയ സീസണിനു മുന്നോടിയായുള്ള ട്രേഡ് വിൻഡോ തുറക്കാനിരിക്കെ താരകൈമാറ്റവുമായി ബന്ധപ്പെട്ട് വലിയ പേരുകളാണ് ഉയരുന്നത്. മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നുവെന്ന അഭ്യൂഹം ഏതാനും മാസങ്ങളായി എയറിലുണ്ട്. ഇതിനു പിന്നാലെ മെഗാലേലത്തിലൂടെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ച കെ.എൽ രാഹുലും കൂടുമാറിയേക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സഞ്ജുവിനായി ഡൽഹി ഫ്രാഞ്ചൈസിയും രാഹുലിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ സീസണിൽ ടൂർണമെന്‍റിനിടെ പരിക്കേറ്റ സഞ്ജു മിക്ക മത്സരങ്ങളിലും ബെഞ്ചിലായിരുന്നു. താൽകാലിക ക്യാപ്റ്റനെ നിയമിച്ചതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ടീം മാനേജ്മെന്‍റുമായി സഞ്ജുവിന് എതിർപ്പുണ്ടായിരുന്നു. പിന്നാലെ ടീം വിടാനുള്ള സന്നദ്ധത താരം അറിയിച്ചു. സമാന രീതിയിൽ മാനേജുമെന്‍റുമായുള്ള ഭിന്നാഭിപ്രായത്തെ തുടർന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ ക്യാമ്പ് വിട്ടിരുന്നു. 2024ൽ പ്ലേഓഫിലെത്തിയ രാജസ്ഥാൻ ടീം സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് 2025 സീസണിൽ കാഴ്ചവെച്ചത്.
കഴിഞ്ഞ സീസണിൽ ഡൽഹി ടീം വിട്ട ഋഷഭ് പന്ത് ലഖ്നോ സൂപ്പർ ജയന്‍റ്സിൽ ക്യാപ്റ്റനായിരുന്നു. പകരം ക്യാപ്റ്റനായ അക്സർ പട്ടേലിന്‍റെ പ്രകടനത്തിൽ ഡൽഹി ഫ്രാഞ്ചൈസി തൃപ്തരല്ല. ഇതോടെ പുതിയ നായകനു വേണ്ടിയുള്ള തിരച്ചിലിലാണ് ഡൽഹി മാനേജ്മെന്‍റ്. നേരത്തെ ഡൽഹി ഫ്രാഞ്ചൈസിക്കൊപ്പം കളിച്ച് പരിചയമുള്ള സഞ്ജുവിനെ തിരികെ എത്തിച്ചാൽ ഈ വിടവ് നികത്താനാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അതിനിടെ ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കാൻ രാജസ്ഥാനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ രവീന്ദ്ര ജദേജയെയോ ഋതുരാജ് ഗെയ്ക്വാദിനെയോ പകരം നൽകണമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചതോടെ സി.എസ്.കെ പിൻവലിഞ്ഞു.
അതേസമയം കെ.എൽ. രാഹുലിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ മികച്ച സ്ട്രൈക് റേറ്റിൽ 539 റൺസ് നേടിയ താരത്തെ ടീമിലെത്തിച്ച് ബാറ്റിങ് ഡിപാർട്ട്മെന്‍റിന് കരുത്തുപകരാനാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. രാഹുലിന് പകരം റോവ്മാൻ പവലിനെയും പണവും നൽകാമെന്ന ഓഫർ കെ.കെ.ആർ മുന്നോട്ടുവെച്ചെങ്കിലും ഡി.സി മാനേജ്മെന്‍റ് വഴങ്ങിയിട്ടില്ല.
ഡീൽ നടന്നാൽ, വിക്കറ്റ് കീപ്പർ ബാറ്ററായ രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്തേക്കു കൂടി പരിഗണിക്കാനാകുമെന്നാണ് കെ.കെ.ആർ കണക്കുകൂട്ടുന്നത്. ആരാകണം ക്യാപ്റ്റന്‍, ഓപണര്‍ തുടങ്ങിയ കൊല്‍ക്കത്തയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും കെ.എല്‍.രാഹുല്‍. എന്നാൽ താരകൈമാറ്റത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. നവംബർ 15നകം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ ഐ.പി.എല്ലിന് കൈമാറണം. ഡിസംബര്‍ 14, 15 തീയതികളിലായിരിക്കും താരലേലം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
