
മുംബൈ: തന്റെ ക്രിക്കറ്റ് കരിയറിലെ നാഴികക്കല്ലുകളുടെ ഭാഗമായ 26 ബാറ്റുകൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എം.സി.എ) ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിന് സമ്മാനിക്കാൻ ഇതിഹാസം സചിൻ ടെണ്ടുൽക്കർ. ഹെൽമെറ്റുകൾ, ജഴ്സികൾ, കരിയറിലെ പ്രധാന നിമിഷങ്ങളിൽ നിന്നുള്ള വ്യക്തിപരമായ കുറിപ്പുകൾ എന്നിവ ഉൾപ്പെടുന്ന ഈ ശേഖരമാണ് സച്ചിൻ സമ്മാനിക്കുന്നത്. തന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറികളിൽ ചിലത് നേടിയ ബാറ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും സചിൻ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള എം.സി.എയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ‘ബാറ്റോഗ്രാഫി’ എന്നാണ് ഈ പ്രദർശനത്തിന് പേരിട്ടിരിക്കുന്നത്. നവംബർ 16ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ശേഖരം അനാച്ഛാദനം ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ടെണ്ടുൽക്കർ വിരമിച്ചതിന്റെ 13-ാം വാർഷികത്തിലാണ് ഈ അനാച്ഛാദനം നടക്കുന്നത്. 2013 നവംബർ 16ന് തന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 200-ാം ടെസ്റ്റ് കളിച്ചാണ് അദ്ദേഹം വിരമിച്ചത്.
ഒരു ജീവചരിത്രം എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ബാറ്റോഗ്രാഫി’ ഒരുക്കിയിരിക്കുന്നത്. ഇത് കരിയറിലെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിച്ച ബാറ്റുകളിലൂടെ താരത്തിന്റെ ക്രിക്കറ്റ് യാത്രയെ അടയാളപ്പെടുത്തും. അതിനൊപ്പം സന്ദർശകർക്ക് സചിന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങളും നാഴികക്കല്ലുകളും ഓർമിച്ചെടുക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്.
“ബാറ്റോഗ്രാഫിയിലൂടെ, എംസിഎ മ്യൂസിയത്തിന് സവിശേഷമായ ഒരു അനുഭവം നൽകുകയാണ്. നാഴികക്കല്ലുകൾ കൈവരിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളിലൂടെ തന്നെ അതിന്റെ കഥ സന്ദർശകർക്ക് അനുഭവിച്ചറിയാൻ സാധിക്കും. ഈ അമൂല്യ വസ്തുക്കൾ എംസിഎയുമായി പങ്കിടാൻ തീരുമാനിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ അസാധാരണ പൈതൃകം തലമുറകളോളം ക്രിക്കറ്റ് പ്രേമികൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും,”എം.സി.എ പ്രസിഡന്റ് അജിൻക്യ നായിക് പറഞ്ഞു.
